പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Monday, April 14, 2014

പലതരം ‘ലെ’കൾ(ഇതിലെ പ്രവാസം എന്ന വാക്കുപയോഗിച്ചിരിക്കുന്നത് ഗതികേടുകൊണ്ടു നാടുവിട്ടവരെക്കുറിച്ചാണ്.ഒരു പൂച്ചയെപ്പോലും വളർത്താത്ത ഒരു ചെടിപോലും നടാത്ത   സഞ്ചാരത്തെക്കുറിച്ചല്ല)

ന്നും ആയില്ലാ ലെ  എന്ന ചോദ്യത്തെ നേരിടാൻ കഴിയാതെ ഗതികെട്ടാണ് കേരളം പ്രവാസം ആരംഭിക്കുന്നത് എന്ന കാര്യത്തിൽ ചരിത്രകാരന്മാർക്ക് എതിർ അഭിപ്രായം ഉണ്ടെങ്കിലും ഇല്ലെങ്കിലും എന്റെ അനുഭവത്തിൽ ഞാനിതിൽ ഉറച്ചുനിൽക്കുന്നു. .കോപ്പിയടിച്ചും തലവിയർത്തും എക്സാമിനർമാരുടെയും മോഡറേഷന്മാരുടെയും സഹായത്താലും  പത്താം തരം പാസായാൽ പിന്നെ നാട്ടുകാരുടെ ചോദ്യങ്ങൾ ആരംഭിക്കുകയായി.

 ഒന്നും ആയില്ലാ ലെ.

ഈ ഒറ്റച്ചോദ്യപ്പേപ്പർ ലോകത്ത് മറ്റൊരിടത്ത് ഉണ്ടൊ എന്നറിയില്ല. ഒരാൾ തന്നെ കാലത്തും ഉച്ചക്കും പിന്നെ കാണുമ്പോഴൊക്കെ ഇത് ചോദിച്ചു കൊണ്ടിരിക്കും.ആയതിനാൽ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതലൊ അതിനുമുമ്പോ   കിട്ടിയ വണ്ടി പിടിച്ച് മുംബൈക്കോ മദിരാശിക്കോ  ആസാമിലോക്കോ മറ്റുകാട്ടുമുക്കിലേക്കോ  കൂകിപ്പായും തീവണ്ടികളിൽ കുതിച്ചുകൊണ്ടിരുന്നു പാവം മലയാളികൾ.ആസാമിലും നിന്നില്ല പ്രവാസം.പോകലായിരുന്നില്ല ആട്ടിയോടിക്കലായിരുന്നു അന്നത്തെ പ്രവാസം.വിരിഞ്ഞ കുഞ്ഞുങ്ങളെ തൂവലൊക്കെ മുളച്ചു തുടങ്ങുമ്പോൾ തള്ളക്കോഴികൾ കൊത്തിയകറ്റുന്നതുപോലെ നാട്ടുകാരും വീട്ടുകാരും പത്ത് പാസായ മുട്ടയിൽ വിരിയാത്ത പൈതങ്ങളെ പ്രവാസികളായി ചവിട്ടിത്താഴ്ത്തി.

ചിലർ മടിശ്ശീല വീർപ്പിച്ചു വന്നു.മറ്റുചിലർ സിഫിലീസ് തുടങ്ങിയ മാരകരോഗങ്ങളുമായി തിരികെ വന്ന് നാടിന്റെ സ്വസ്ഥത കെടുത്തി.വേറെ ചിലരാകട്ടെ സഞ്ചാരസാഹിത്യമെന്നൊക്കെ പറഞ്ഞ് വായനയറിയുന്നവർക്ക്  ആവശ്യത്തിനു പണികൊടുത്തു.


  പത്താം തരം പാസാവാൻ ആർക്കും താല്പര്യമില്ലാതായി.പരീക്ഷക്ക് പോകാതെ കശുമാവിൻ ചുവട്ടിൽ കൗമാരങ്ങൾ കറങ്ങിനടന്നു.പത്ത് ജയിക്കാത്തവനെ ആരും ഉൾക്കൊണ്ടിരുന്നില്ല.അതിന്റെ സ്വാതന്ത്ര്യം വലുതായിരുന്നു. അങ്ങിനെയാണ് ട്യൂട്ടോറിയൽ കോളേജ് ചരിത്രത്തിന്റെ ഭാഗമായിത്തീർന്നത്.എന്തിനേറെ പറയുന്നു നാഗലാന്റിലേക്കുപോലും പോയി കൊച്ചുമലയാളം. നാഗലാന്റിൽ  പോയി അവിടുത്തുകാരെ വിറപ്പിച്ച കഥ   വീട്ടുകാരനായ സുകുമാരേട്ടൻ ഞങ്ങളോടുപറഞ്ഞ് വിരട്ടിയ നാളുകൾ ഓർക്കുന്നു.പാമ്പിനെ കൊന്നും തിന്നും  കൂട്ടിലിട്ട കിളികളെപ്പോലെ ഒതുങ്ങിക്കഴിഞ്ഞിരുന്ന    നാഗന്മാർക്ക് മലയാളികൾ അത്ഭുതജീവികളായി തോന്നിയിരിക്കണം. പാമ്പിനെപ്പോലെ കൊന്നും തിന്നും തീർക്കാൻ പറ്റാത്ത ഒരു വിചിത്ര ജീവി.കേരളമെന്നപേർ പോലും അവർ അന്ന് അറിഞ്ഞിരിക്കണമെന്നില്ല.വള്ളത്തോൾ കവിതകൾ അന്ന് നാഗാ ഭാഷയിലേക്ക് തർജ്ജമ ചെയ്തിട്ടുണ്ടായിരുന്നില്ല. 


ഇന്നും ഇന്ത്യയെ അവർ വിചാരിക്കുന്നില്ല എന്ന പോലെ അന്ന് കേരളത്തെ അറിഞ്ഞിരുന്നില്ലെന്ന് വ്യക്തം.. ഓണം പോയിട്ട് കോണകം പോലും കേറാമൂലയായ ഒരു സ്ഥലത്തേക്ക് എത്തിയവൻ ആരായാലും ചില്ലറക്കാരനല്ല എന്ന തോന്നലിൽ ആയിരിക്കണം സുകുമാരേട്ടനെ അന്ന് നാഗന്മാർ സഹിച്ചത്. നാഗന്മാർ കേരളത്തെ അറിഞ്ഞുപിടിച്ചു വരുമ്പോഴേക്കും സുകുമാരേട്ടൻ നാട്ടിൽ തിരിച്ചെത്തി.പിന്നെ സഹിച്ചത് ഞങ്ങളായിരുന്നു.ഞങ്ങൾക്ക് നാഗന്മാരെപ്പോലെ വയലന്റാവാൻ കഴിഞ്ഞില്ല ബന്ധുക്കളായിപ്പോയി മലയാളികളായിപ്പോയി.നാഗലാന്റിൽ ഏതോ പ്രൊജക്റ്റിൽ ഉദ്യോഗസ്ഥനായ വിജയകുമാർ എന്ന സുഹൃത്ത് അവിടേക്ക് ക്ഷണിക്കുന്നുണ്ട് ഒറ്റക്കണ്ടീഷനിൽ.ഹിന്ദിയിൽ ഒരു   വാക്കുപോലും ഉച്ചരിക്കരുത്.അംജദ് ഖാനെപ്പോലെ ഹിന്ദിയിൽ ചിരിക്കുക പോലുമരുത്. മലയാളികൾ സ്ഥിരം പറയുന്ന ഹിന്ദി നഹീം മാലൂം എന്ന വാക്കുപോലും മിണ്ടരുത്. തെക്കുകിഴക്കൻ അവസ്ഥ മനസിലാക്കാൻ ഇനിയെന്തു വേണം.ചിലർ ആ വഴി റങ്കൂണിലേക്കും കാബൂളിലേക്കും സിങ്കപ്പൂരിലേക്കുമൊക്കെ പാദങ്ങൾ നീട്ടിവെച്ചു.
ആ ബന്ധം വഴി ബർമ്മീസ് തായ് മുഖമുള്ളവർ കേരളത്തിൽ ചിലയിടങ്ങളിൽ കാണാമെന്നായി.ബംഗാളിൽ നിന്ന് ഇങ്ങനെയൊന്നും സംഭവിച്ചില്ല.ആയതിനാൽ ആയിരിക്കണം അവർ ഇപ്പോൾ നേരിട്ടുവന്ന് ഈ പോരായ്മ പരിഹരിച്ചുകൊണ്ടിരിക്കുന്നു വൈകിയാണെങ്കിലും.

പറഞ്ഞുവന്നത് പ്രവാസത്തെക്കുറിച്ചാണ്.
കിട്ടിയ വണ്ടിക്ക് നാടുവിട്ട മലയാളിയെക്കുറിച്ചാണ്.വണ്ടിപിടിക്കാൻ കഴിവില്ലാത്തവരും കള്ളവണ്ടി കയറാൻ ത്രാണി ഇല്ലാത്തവരും കടപ്പുറത്തേക്ക് കുത്തനെ   നടന്ന് സിംഹളനാട്ടിലേക്ക് നീന്തി.ഇത് ഞങ്ങൾ തീരദേശക്കാരുടെ കഥയാകുന്നു. ഒന്നുകിൽ നാഗന്മാരുടെ നാട്ടിലേക്ക് അല്ലെങ്കിൽ സിംഹങ്ങളുടെ കൂട്ടിലേക്ക്.മലയാളികളുടെ ഗതി നോക്കൂ ഗതികേടു നോക്കൂ.  

പട്ടാളത്തിനു കഞ്ഞിവെക്കാനും വിറകുവെട്ടാനും ആസാമിലേക്ക് തീവണ്ടി കയറിയവർ വളരെ കുറച്ചുകാലം അതിനേക്കാൾ കുറഞ്ഞ വേതനത്തിൽ സേവനമനുഷ്ഠിച്ച് തിരികെവന്ന്   വീരസാഹസിക കഥകൾ പറഞ്ഞ് നാട്ടുകാരേയും വീട്ടുകാരേയും   ശിഷ്ടകാലം  ശിക്ഷിച്ചുകൊണ്ടിരുന്നു. ഒരു വിമാനത്തിന്റെ ഇരമ്പലെങ്ങാനും കേട്ടാൽ മതി കുളൂസ് ആരംഭിക്കുകയായി.  

ആസാമിനോടും നാഗലാന്റിനോടും  കേരളമടക്കമുള്ള മറ്റു സ്റ്റേറ്റുകാരുടെ ശത്രുതക്ക് കാരണം ഈ കഥാകാരന്മാരായിരിക്കും.ശ്രീലങ്കയോടുള്ള സമീപനത്തിലും ഇത് നിഴലിക്കുന്നില്ലെ എന്ന് സംശയമുണ്ട്.

ഞങ്ങളുടെ വീടിനടുത്ത്   ഒരു കൊലപാതകം നടന്നു.ഏതു പാർട്ടി ആരെക്കൊന്നു എന്നൊന്നും ചോദിക്കരുത്.ചാനലുകാർക്ക് ചർച്ചക്ക് നമ്മളെന്തിനു ചിതയൊരുക്കണം. പ്ളാൻ ചെയ്ത ആളെ കിട്ടാതെ കിട്ടിയവനെ വെട്ടിക്കൊല്ലുകയായിരുന്നു .കൊല്ലാൻ പോകുന്നവർ ഞങ്ങൾക്കെതിരെ വന്നതോർക്കുന്നു.അതിൽ ചിലർ   ഞങ്ങളെ കയ്യുയർത്തിക്കാട്ടി പരിചയം പുതുക്കുകയും ചെയ്തിരുന്നു എന്നാണ് ഓർമ്മ.   .ഞങ്ങൾ വിചാരിച്ചത് കല്യാണത്തലേന്ന് സദ്യക്ക് പോക്കായിരുന്നു എന്നാണ്.കൂടെ പോകാതിരുന്നത് ഭാഗ്യം. അത് നടന്നതിന്റെ നടുക്കം ഇപ്പോഴുമുണ്ട് മനസിൽ.ഇതിന്റെ വിഷാദം ഇപ്പോഴും ആ വീട്ടുകാരിലുമുള്ളതായി എനിക്ക് തോന്നിയിട്ടുണ്ട്.അന്ന് ഞങ്ങളൊക്കെ പുറത്തിറങ്ങാൻ പേടിച്ചിരുന്നു.

ഒരാൾ കൊലചെയ്യപ്പെട്ടാൻ സമൂഹം മുഴുവൻ കുറ്റവാളികൾ ആവുമോ.
കുറ്റബോധം ഞങ്ങളും കൊണ്ടു നടന്നിരുന്നുവോ.അനീതിക്കും ആക്രമത്തിനുമെതിരെയുള്ള ജാഗ്രതയേയാണ്   സമൂഹം എന്നു വിളിക്കേണ്ടത്.ആയതിനാൽ ഓരോ കുറ്റത്തിനും സമൂഹം തലകുനിക്കേണ്ടതുണ്ടെന്നു തോന്നുന്നു.ഇങ്ങനെ തലകുനിക്കാൻ തുടങ്ങിയാൽ തല എവിടെ ചെന്നു നിൽക്കുമെന്നൊന്നും ഇടയിൽക്കയറി ചോദിക്കരുത്.


കൊല നടന്നതിന്റെ അടുത്ത ദിവസം കുറെ പോലീസുകാർ രാജേട്ടന്റെ ചായക്കടയിൽ വന്നു വഴിയിൽ പോകുന്നവരെയും ചായകുടിക്കുന്നവരേയും ചൂടുള്ള വടയിൽ ദ്രംഷ്ട്രങ്ങൾ ആഴ്ത്തി മുഖംചുളിച്ചവരെയും വരച്ച വരയിൽ നിർത്തി പോലീസുകാർ ചോദ്യം ചെയ്തു.
പുരുഷൻ എന്ന ചുമട്ടുതൊഴിലാളിയെ ചോദ്യം ചെയ്യുമ്പോൾ ഞങ്ങൾ അവിടെ ചുറ്റിപ്പറ്റിയുണ്ടായിരുന്നു.
എന്താ നിന്റെ പേരെന്ന ചോദ്യത്തിനു പുരുഷൻ എന്ന ഉത്തരം അവർക്ക് രസിച്ചില്ല. ആകെയൊന്നു നോക്കി ഉറപ്പുവരുത്തി അതു മനസിലായി നിന്റെ  പേരു പറയൂ എന്നായി പോലീസുകാരൻ. അവിടെ കൂടിയ പൗരമുഖ്യർ  പുരുഷന്റെ പേരു പുരുഷൻ എന്നുതന്നെ പുനസ്ഥാപിക്കാൻ കുറെ പാടുപെട്ടു.എത്ര വയസായി എന്ന ചോദ്യത്തിനു ഒന്നു പരുങ്ങിയ പുരുഷൻ  മുപ്പത് എന്നു പറഞ്ഞു.പരുങ്ങലാണ് പോലീസിന്റെ പിടിവള്ളി .എന്തടാ ഒരു പരുങ്ങൽ ,സത്യത്തിൽ എത്ര വയസായെടാ എന്ന ചോദ്യം ചെയ്യലിൽ പുരുഷൻ മറ്റൊരു സത്യം പറഞ്ഞു,മുപ്പത്തിമൂന്ന്.
നിന്നനില്പിൽ മൂന്ന് വയസ് കൂടിയോ എന്ന ആക്രോശത്തിൽ ലാത്തി പുരുഷന്റെ  കടവയറ്റിലേക്ക് പായവെ  പുരുഷൻ ഒരു സത്യം കൂടി പറഞ്ഞു , മൂന്നു വർഷം ബോംബെയിൽ ആയിരുന്നു.
പോലീസുകാരുടേയും അവിടെ കൂടിനിന്നവരുടേയും പ്രതികരണം എന്തുതന്നെ ആയാലും ഇതിൽ ഒരു ചെറിയ സത്യം ഒളിഞ്ഞിരിക്കുന്നുണ്ട്.പ്രവാസകാലം ഒരാളുടെ ജീവിതകാലം അല്ല.       
ഭൂരിപക്ഷം പേരും പ്രവാസിയാവുന്നതല്ല,ആക്കുന്നതാണ്.നേരത്തെ പറഞ്ഞ ചോദ്യത്തിൽ നിന്നായിരിക്കുമോ ഇതെല്ലാം സംഭവിക്കുന്നത്.ഒന്നും ആയില്ല ലെ.
ഇതിലെ ലെ ആളു പിശകാണ്.ഈ കേരളം പോലെ ജീവിക്കാൻ പറ്റിയ ലോകം മലയാളികൾക്ക് വേറെയെവിടെ കിട്ടും.
പ്രവാസിയാവുന്നത് മാത്രമല്ല കുടുംബസ്ഥനാവുന്നതും ഈ ലെ പ്രയോഗം കൊണ്ടാകുന്നു.
പ്രവാസിയായാലും അല്ലെങ്കിലും ജോലികിട്ടിയാലും ലെ അവസാനിക്കില്ല.
ബാങ്കിൽ ക്ളാർക്കായി കയറിയ ആളോടും ഈ ലെ പ്രയോഗം വരും.
ഇപ്പോഴും ക്ളാർക്ക് തന്ന്യാ ലെ.അഥവാ ലാസ്റ്റ് ഗ്രേഡ് തന്നെയാ ലെ.
നിങ്ങൾ എവിടെയെത്തിയാലും ഈ ലെ വിടില്ല.
ജോലി കിട്ടിയ ആളോടു
ഒന്നും ആയില്ല ലെ എന്നു ചോദിച്ചാൽ കൂടെ ഏന്തിവലിഞ്ഞു നടക്കാൻ ഒരുത്തിയെ കിട്ടിയില്ലെ എന്നർത്ഥം.വിവാഹം കഴിഞ്ഞവരോടും ഉണ്ട് ഈ ലെ പ്രയോഗം.അതിത്തിരി ക്രൂരവുമാണ്.
ഒടുവിൽ കിടന്ന പായിൽ നിന്നും എഴുന്നേൽക്കാൻ വയ്യാതെ കിടക്കുമ്പോഴും വരാതിരിക്കില്ല ഈ ലെ.അത് പലപ്പോഴും പുറത്തേക്ക് വരാത്ത ലെ ആയിരിക്കും.പോവാറായില്ല ലെ.
ഇന്നു രാവിലെ  സംസാരിച്ച   ന്യായാധിപൻ സുഹൃത്ത്   സംസാരിച്ചതിൽ നിന്നാണീ എഴുത്തിനുള്ള പ്രകോപനം.

dc books


ഭൂമിയിലെ ഈ ചെറിയ കാലയളവിൽ നിരന്തരം ജോലിചെയ്തും അതിർത്തി മാന്തിയും അടികൂടിയും കോടതി കയറിയും  സമയം കളയുന്നവരെക്കുറിച്ചാണ്  സുഹൃത്ത് ആശങ്കപ്പെട്ടത്.കേരളം പോലുള്ള സ്ഥലത്തെ  മനോഹരമായി നിലനിർത്തുക അതിൽ ജീവിക്കുക   എന്നാണ് സുഹൃത്ത് പറഞ്ഞത്. മറ്റൊന്നിലും ഒരു  കാര്യവുമില്ല എന്നും.നിയമത്തെയും  കോടതിയെയും പറഞ്ഞത് ഇവിടെ വെളിപ്പെടുത്തുന്നില്ല.

കേരളത്തിൽ പ്രവാസം കാശെത്തിച്ചു എന്നു പറയുന്നവരോട് അതെന്തിനുപയോഗിച്ചു എന്നു കൂടി ആരായാം.കോൺക്രീറ്റുകൾ കെട്ടിയുയർത്താൻ ക്വാറികളെ പ്രോൽസാഹിപ്പിച്ചും മണലൂറ്റി പുഴയെ നശിപ്പിച്ചും കാടുവെട്ടിയും ആഗോളതാപനത്തെ ഉയർത്താനും നാടിനെ മരുഭൂമിയാക്കാനും മനുഷ്യബന്ധങ്ങളെ ഭൂമി കച്ചോടത്തേക്കാൾ തരംതാണതാക്കാനും ഈ പണമല്ലാതെ മറ്റൊന്നുമല്ല സഹായിച്ചത്  .


 പ്രവാസത്തെക്കുറിച്ച് വീമ്പുപറയേണ്ടതില്ല.അത് ഒട്ടകത്തിന്റെയും മരുഭൂമിയുടെയും ദൃശ്യങ്ങൾ ഇട്ട് ശോകസംഗീതവും വെച്ച് ടെലിവിഷനിൽ നടത്തുന്ന പരിപാടികൾക്കു കൊള്ളാം.
ഒരു ചെടി നട്ട് പൂ കാണുക എന്നു  സൂഫിയായി നടന്ന എഴുത്തുകാരൻ പറഞ്ഞതും ഇവിടെ എഴുതുന്നതും നന്നായിരിക്കും.സ്വന്തം മണ്ണിൽ മലർന്നും കമിഴ്ന്നും നിവർന്നും    അകമഴിഞ്ഞ് സഞ്ചരിക്കുക ആഴങ്ങൾ നമ്മെ സ്വീകരിക്കുന്നതുവരെ.

3 comments:

മണിലാല്‍ said...


(ഇതിലെ പ്രവാസം എന്ന വാക്കുപയോഗിച്ചിരിക്കുന്നത് ഗതികേടുകൊണ്ടു നാടുവിട്ടവരെക്കുറിച്ചാണ്.ഒരു പൂച്ചയെപ്പോലും വളർത്താത്ത ഒരു ചെടിപോലും നടാത്ത സഞ്ചാരത്തെക്കുറിച്ചല്ല)

ഒന്നും ആയില്ലാ ലെ എന്ന ചോദ്യത്തെ നേരിടാൻ കഴിയാതെ ഗതികെട്ടാണ് കേരളം പ്രവാസം ആരംഭിക്കുന്നത്.കോപ്പിയടിച്ചും തലവിയർത്തും എക്സാമിനർമാരുടെയും മോഡറേഷന്മാരുടെയും സഹായത്താലും പത്താം തരം പാസായാൽ പിന്നെ നാട്ടുകാരുടെ ചോദ്യങ്ങൾ ആരംഭിക്കുകയായി.ഒന്നും ആയില്ലാ ലെ.ഈ ഒറ്റച്ചോദ്യത്തിന്റെ പേപ്പർ ലോകത്ത് മറ്റൊരിടത്ത് ഉണ്ടൊ എന്നറിയില്ല. ഒരാൾ തന്നെ കാലത്തും ഉച്ചക്കും പിന്നെ കാണുമ്പോഴൊക്കെ ഇത് ചോദിച്ചു കൊണ്ടിരിക്കും.ആയതിനാൽ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതലൊ അതിനുമുമ്പോ കിട്ടിയ വണ്ടി പിടിച്ച് ആസാമിലോക്കോ മറ്റുകാട്ടുമുക്കിലേക്കോ കൂകിപ്പായും തീവണ്ടികളിൽ കുതിച്ചുകൊണ്ടിരുന്നു പാവം മലയാളികൾ.ആസാമിലും നിന്നില്ല പ്രവാസം.ആയതിനാൽ പത്താം തരം പാസാവാൻ ആർക്കും താല്പര്യമില്ലാതായി.പരീക്ഷക്ക് പോകാതെ കശുമാവിൻ ചുവട്ടിൽ കൗമാരങ്ങൾ കറങ്ങിനടന്നു.പത്ത് ജയിക്കാത്തവനെ ആരും ഉൾക്കൊണ്ടിരുന്നില്ല.അതിന്റെ സ്വാതന്ത്ര്യം വലുതായിരുന്നു. അങ്ങിനെയാണ് ട്യൂട്ടോറിയൽ കോളേജ് ചരിത്രത്തിന്റെ ഭാഗമായിത്തീർന്നതും.

ചീരാമുളക് said...

സ്വന്തം കാര്യത്തേക്കാൾ മറ്റുളവരുടെ വിഷയങ്ങളിലുള്ള ശുഷ്കാന്തിയാണ് ഈ "ലെ"ക്ക് പിന്നിൽ. പ്രവാസിയെ സ്ഥിരം പ്രവാസിയാക്കി നിലനിർത്തുന്നതിലും ലെക്ക് നല്ല പങ്കുണ്ട്. ലെ യെ ഗൗനിക്കാതിരുന്നവൻ രക്ഷപ്പെട്ടു, ലേ?

Muralee Mukundan , ബിലാത്തിപട്ടണം said...

ഒന്നും ആയില്ലാ ലെ.


നീയുള്ളപ്പോള്‍.....