പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Monday, April 7, 2014

വേണം മനുഷ്യദൈവങ്ങൾ

 വേണം മനുഷ്യ ദൈവങ്ങൾ


d c    b o o k s


മ്പലത്തിൽ  കൊണ്ടുപോയി കരിങ്കല്ലോ ലോഹമോ ചൂണ്ടി  അത് ദൈവമാണെന്നും അതില്ലാതെ മനുഷ്യ ജീവിതം സാധ്യമല്ലെന്നും കുട്ടിക്കാലത്തു പോലും ആരും   പറഞ്ഞു തന്നില്ല.
ദൈവരഹിത ജീവിതമായിരുന്നു ഇതുവരെ.വലിയ സ്വാതന്ത്ര്യമാണത്.അതാണ് ജീവിതം.ദൈവം പോലും നമ്മുടെ തോളിൽ തൂങ്ങാത്ത ജീവിതം,അതിനനുവദിക്കാത്ത ജീവിതം.

 എണ്ണുംതോറും പെരുകുന്ന ദൈവങ്ങൾ  അപഹരിച്ചെടുത്തേക്കാവുന്ന   വലിയ ഭാഗം ജീവിതത്തിൽ എനിക്ക് സ്വന്തമായി.എന്റെ വഴികൾ എന്റേതായി.ഒരേ വഴിയിൽ കൂടി നടക്കേണ്ടിവന്നില്ല.ഈവഴി,ഇതിലെ വഴി എന്നൊക്കെ പറഞ്ഞ് പലരും വഴിതെറ്റിക്കാൻ നോക്കിയെങ്കിലും. മരണം വരെ കൂടെ ഉണ്ടായാൽ  മതിയെന്നും അതു കഴിഞ്ഞ് തിരിഞ്ഞുനടന്നോളാൻ  പറഞ്ഞ അമ്മ.മരണം മുന്നിലെത്തിയപ്പോൾ കണ്ണുകൾ ദാനം ചെയ്യണമെന്ന അമ്മയുടെ ആവശ്യം കേട്ടപ്പോൾ ബോദ്ധ്യപ്പെട്ടു   എന്റെ ദൈവമില്ലായ്മക്കുള്ള കാരണം.

അമ്മത്വം എന്നാൽ കച്ചവടത്തിനുള്ള ഏർപ്പാടല്ലെന്ന് ബോദ്ധ്യപ്പെടാൻ വള്ളിക്കാവ് വരെ പോയി സമയം കളയേണ്ടതുമില്ല.പള്ളിവക   സ്കൂളിലെ വേദോപദേശം ക്ളാസ്   അശ്ലീലമായിട്ടാണ് തോന്നിയത്. ഉപദേശ കഥകളിലൊക്കെ നായകൻ ദൈവമായിരുന്നു.ഉച്ചഭക്ഷണത്തിനു മുമ്പുള്ള സമയമായിരുന്നു വേദോപദേശം.കൃസ്തുവിനെ കുരിശിലേറ്റുകയോ എറ്റാതിരിക്കുകയോ ചെയ്യട്ടെ വയറ്റിലേക്ക് എന്തെങ്കിലും കിട്ടിയാൽ മതിയായിരുന്നു എന്നായിരുന്നു അന്നത്തെ ബാലചിന്ത.അത്രമേൽ കത്തിയെരിയും ഉച്ചക്കുമുമ്പിലുള്ള ക്ലാസ്.ദൈവത്തേക്കാൾ പ്രാധാന്യം ഭക്ഷണത്തിനു തന്നെ സംശയമില്ല.


 ക്ളസെടുത്ത ടീച്ചറോടുള്ള വെറുപ്പ് വർഷങ്ങൾ കഴിഞ്ഞാണ് തീർന്നത്.അവർ എന്റെ സുഹൃത്തിന്റെ അമ്മയായിരുന്നു. മനുഷ്യന്റെ കാര്യങ്ങൾക്കു തന്നെ ഇരുപത്തിനാലു മണിക്കൂർ തികയില്ല,അതിൽ പകുത്ത് എണ്ണിയാലൊതുങ്ങാത്ത ദൈവങ്ങൾക്കു കൊടുക്കുക!അത് പള്ളീപ്പറഞ്ഞാമതി എന്നൊരു ലൈനായിരുന്നു എന്നും.
സൌഹൃദങ്ങൾ പ്രണയങ്ങൾ യാത്രകൾ  ഏറ്റവും ഉപരിയായി എന്നും നിലകൊണ്ടു.പുസ്തകങ്ങൾ അതിനു പിറകെ നിന്നു.സിനിമ അതിനൊരുപടിമുന്നിലും.


മനുഷ്യർക്കൊപ്പം സഞ്ചരിക്കുന്നതിന്റെ അവർക്കൊപ്പം ഒഴിച്ചും കഴിച്ചും തീർക്കുന്നതിന്റെ സന്തോഷം ഒരു    ദൈവവും തരില്ലെന്നുൊപ്പ്.ഒരു ദൈവത്തിനും ചിയേർസ് പറയാൻ പറ്റില്ല.പിന്നെെ എന്തൂട്ട് ദൈവം. ദൈവങ്ങൾക്കുവേണ്ടി ഭണ്ഡാരം തുറന്നുവെച്ച് ആർത്തിയോടെ ഇരിക്കുന്ന പണ്ടാരങ്ങളെ  ദേവസ്വം ബോർഡ് എന്നൊ മറ്റൊ തെറിവിളിക്കേണ്ടിവരും. ദൈവങ്ങൾ എന്നൊരു വഹകൾ സത്യമായിരുന്നെങ്കിൽ   ലോകത്ത് ചെകുത്താന്റെ പണിചെയ്യുന്ന എത്രയെത്ര   സ്ഥാപനങ്ങളെ ഒഴിവാക്കാമായിരുന്നു.ദൈവങ്ങൾ കളവും ചെകുത്താന്മാർ സത്യവുമാകുന്നു ഈ ലോകത്ത്.ചെകുത്താന്മാരെ തൊട്ടറിയാം എന്നതാണ് സന്തോഷദായകമായ കാര്യം.


പണ്ടൊക്കെ  വിശേഷ ദിവസങ്ങളിൽ ഗുരുവായൂർ പോലുള്ള സ്ഥലത്ത് പോകുമ്പോൾ എല്ലാവരും കൈകൂപ്പി നില്ക്കും,എന്റെ കൈയ്യും ഒരിഞ്ച് പൊങ്ങും ഭാഗികമായ ഉത്തേജനം പോലെ. എല്ലാവരും ചെയ്യുന്നത് അനുകരിക്കാനുള്ള ബാലവ്യഗ്രതയിൽ.പിന്നീട് ലജ്ജ തോന്നി കൈ പിൻവലിക്കും.കുട്ടികളിൽ ദൈവചിന്ത ജാതിചിന്ത മുതലായവ കുത്തിനിറക്കുന്നത് ബാലവേലയെടുപ്പിക്കുന്നതിനേക്കാൾ കുറ്റകരമാണ്.
മനുഷ്യർ പ്രാർത്ഥനയിൽ മുഴുകുമ്പോൾ  എനിക്കവരോട്
സഹതാപമാണ് തോന്നുക,അന്നും ഇന്നും. ദൗർബല്യങ്ങളെ കളിയാക്കാൻ പാടില്ലെന്നറിയാം സ്വഭാവമതായിപ്പോയി ക്ഷമിക്കുക.

കെട്ടിക്കിടക്കുന്നത് എവിടെയെങ്കിലും കൊണ്ടു പോയി ഉരച്ചു കളയണമല്ലോ.ബെവറേജുകൾ പണ്ടുമുതലേ തുടങ്ങിയിരുന്നെങ്കിൽ ഭക്തി ഇത്രമാത്രം വികസിക്കുമായിരുന്നില്ല.മാനസികാരോഗ്യകേന്ദ്രങ്ങൾ ജാഗ്രതയോടെ പ്രവർത്തിച്ചിരുന്നെങ്കിൽ മനുഷ്യദൈവങ്ങളും ഭൂലോകത്ത് ഇല്ലാതെ പോയേനെ.

 ആരാധനാലയങ്ങളെ കടന്നു പോകുമ്പോൾ ,പേഴ്സ് നഷ്ടപ്പെട്ടവൻ പല കീശകളിൾഒന്നിച്ചു പരതുന്ന അതേ വെപ്രാളത്തിൽ വണ്ടി നിർത്താതെ ദൈവത്തെ വന്ദിക്കുന്നത് നിരത്തിൽ   കാണുന്ന തമാശയാണ്.വണ്ടി നിർത്തി വന്ദിച്ചാലുണ്ടാകുന്ന സമയനഷ്ടം,ഇന്ധന നഷ്ടം,ബ്രേക്ക്,ക്ളച്ച്  തേമാനം എന്നിവയോക്കെ  ഓർത്ത് കണക്കുകൂട്ടുന്നുണ്ടാവും   ഭക്തിയഭിനയിക്കുന്ന പരമപിശുക്കന്മാർ .


വരന്റെ വേഷത്തിൽ കല്യാണപ്പന്തലിൽ  നിൽക്കേണ്ടി വരുന്ന അതേ അവസ്ഥയാണ് ഭക്തിയുടെ വേഷംകെട്ടി കൈകൂപ്പുന്ന കാര്യം ചിന്തിക്കുമ്പോഴും എനിക്ക് തോന്നറുള്ളത്.
അങ്ങിനെയുള്ള   നിമിഷം ജീവിതത്തിലുണ്ടായാൽ പിന്നെ ഞാനില്ല എന്ന തോന്നൽ..

വിവാഹങ്ങളിൽ  നിന്നും ഞാനൊഴിഞ്ഞു നിൽക്കുന്നത് ആഭിജാതമായവളിപ്പ്സഹിക്കവയ്യാതെയാണ്.മിനിമം മൂന്നു നാല് പെഗ്ഗ് എങ്കിലും കഴിക്കണം അതിനെ മറികടക്കാൻ.എന്നെ മദ്യപാനിയാക്കുന്നതിൽ‍  വിവാഹങ്ങൾക്കുള്ള പങ്ക് ചീയേര്സ്  മുട്ടിച്ച് ഇവിടെ  സ്മരിക്കുന്നു.എന്നെ മദ്യപാനിയാക്കിയതിൽ ഭക്തിക്ക് പങ്കൊന്നുമില്ലതാനും.മദ്യത്തോടും ഭക്തിയില്ല.മദ്യസദസിൽ നുരയുന്ന സാഹോദര്യത്തിനാണു എന്റെ ലാൽ സലാം.

ദൈവങ്ങളെക്കാൾ എന്തു കൊണ്ടും മേലേ നിർത്തേണ്ടത് മനുഷ്യദൈവങ്ങളെയാണ്.അവർ ഭൂമിയിർ, മണ്ണിൽ തൊട്ടുനിൽക്കുന്നു.ഉറുമ്പ് കടിച്ചാൽ അവർക്ക് വേദനിക്കുന്നു,അതിനെ അവർ ഉരച്ചു കൊല്ലുന്നു.കൊതുകിനെ ബാറ്റിംഗിലൂടെ ഓടിച്ചാടി  വകവരുത്തുന്നു.

നമ്മൾക്ക് അവരുടെ ചുമലിൽ കയ്യിടാം.മാറിൽ ചായാം.ഉമ്മ വെക്കാം. കാര്യം സാധിച്ചില്ലെങ്കിൽ
 എന്തുവാടീ/ടാ, നീ ദൈവം തന്നെ  എന്ന് സംശയം പുറപ്പെടുവിക്കാം,കല്ലെറിയാം.നാട്ടിൽ നിന്നോടിക്കാം. ഒരിക്കൽ ദൈവമായിരുന്ന ഒരാളെ അതല്ലാതാക്കാനും പട്ടിക്ക് സമാനമായി കൈകാര്യം ചെയ്യാനും  മനുഷ്യർക്ക് സ്വാതന്ത്ര്യം നൽകുന്നു.


വായ് കൊണ്ട് പാലുകുടിക്കുന്ന ദൈവങ്ങൾ ,വയറിളക്കം ഉണ്ടായാൽ ഹെൽത്ത് സെന്ററിലേക്കോടുന്ന ദൈവങ്ങൾ   കല്ല് മരം കളിമണ്ണ് എന്നിവയിലുണ്ടാക്കുന്ന ദൈവങ്ങളെക്കാൾ ഉത്തമഗണമാകുന്നു.അവർക്ക് മനുഷ്യന്റെ ദൈനംദിന കാര്യങ്ങളിലൂടെ വേണം സഞ്ചരിക്കാൻ.അവർക്കു മുകളിൽ ദേവസ്വം ബോർഡ് ഉണ്ടാവില്ല.മന്തിയാണേങ്കിൽ മുകളിൽ ആയിരിക്കില്ല.കാൽക്കീഴിൽ ആയിരിക്കും. റിയൽ  എസ്റ്റേറ്റ് അവർക്ക്  ലഹരിയാവും.ആശുപത്രി പണിയും. കൂലി ചോദിച്ചാൽ ദൈവത്തിന്റെ പറ്റിൽ എഴുതിക്കോളാൻ പറയും. വേദന സഹിക്കതെ വരുമ്പോൾ അമ്മേ  എന്ന് മോങ്ങേണ്ടി  വരും.രോഗം വന്നാൽ ഡോക്ടറെ കാണേണ്ടി വരും.വിഭൂതിയിൽ നിന്നും അത്ഭുതങ്ങള്സൃഷ്ടിച്ച് രാഷ്ട്രത്തലവന്മാരെക്കൊണ്ട്  തന്റെ കോണകം കഴുകിച്ച ആൾ ദൈവം ആശുപത്രിയിൽ നരകിച്ചത് നാം കണ്ടു.

സഹിക്കവയ്യാതാവുമ്പോൾ ഇണകളെ പ്രാപിക്കേണ്ടി വരും.പെരുപ്പ് അടിച്ചമർത്താൻ കഴിയാതെ വരുമ്പോൾ വേലി ചാടുകയും ചെയ്യും.ദൈവങ്ങൾ വേലിചാടുന്നത് ഒന്നാലോചിച്ചു നോക്കൂ.എത്ര മനോഹരമായ കാഴ്ചയായിരിക്കുമത്.

 കച്ചവടം പോളിഞ്ഞ് നാടുവിട്ട്  സ്വാമിജിയായി നാട്ടിൽ കുറ്റിനാട്ടിയ ആൾ ദൈവത്തോട് പുതിയ  പുതിയ കച്ചവടം  എങ്ങിനെ എന്ന് ചോദിക്കാനുള്ള ആർജ്ജവം നമ്മൾ വെറും മനുഷ്യർ കളഞ്ഞുകുളിക്കരുതെന്ന് മാത്രം.മൌനിയായ ഒരു സ്വാമി പന്തൽ നിർമ്മാണത്തിനിടയിൽ കഴുക്കോൽ തലയിൽ വീണപ്പോൾ സ്ലേറ്റും ചോക്കുമെടുത്ത്അയ്യന്റമ്മോഎന്നെഴുതി കൂടെ നിന്നവരെ കാണിച്ചത് ഞങ്ങളുടെ നാട്ടിലെ മനുഷ്യ ദൈവത്തിനെ പറ്റി പരന്ന കഥയാണ്,അങ്ങിനെ ജീവിതത്തെ രസകരമാക്കാൻ എത്രയെത്ര ചിരികൾ അവർ തരുന്നു.ഇത്തരം ദൈവങ്ങൾ ദൈനംദിന ജീവിതത്തിൽ നമുക്ക് ലഭിക്കുന്ന കോമിക് റിലീഫുകളാകുന്നു.കാഴ്ചയിൽ വരുന്ന ദൈവങ്ങളാണ് നിത്യജീവിതത്തിനു ജീവൻ വെപ്പിക്കുന്ന എന്തെങ്കിലും വഹകൾ തരുന്നത്.

ദൈവത്തെ വിശ്വസിക്കുന്നത് ഉത്തമ വിശ്വാസം മനുഷ്യദൈവത്തെ വിശ്വസിക്കുന്നത് അന്ധവിശ്വാസം എന്ന്  പറയുന്നത് ഏത് വെള്ളരിക്കാ പട്ടണത്തിലെ അളവുകോൽ വെച്ചായിരിക്കും.വിശ്വാസം രോഗം തന്നെയാണ്. ദൈവവിശ്വാസം അന്ധവിശ്വാസമാണ്.ദൈവമുണ്ടെന്ന് പറയുന്നിടത്ത് നിന്ന് നമ്മൾ അന്ധരാവുന്നു  തപ്പിത്തടയുന്നു.  ഇങ്ങു പോരൂ  മനുഷ്യ ദൈവങ്ങൾനമ്മുടെ കൈ പിടിക്കുന്നു നമ്മൾ അവരുടെ കൈവിട്ട് കാൽ നക്കുന്നു.

ദൈവവിശ്വാസവും അന്ധവിശ്വാസവും തമ്മിൽ   മഴനൂൽ ഭേദിക്കാനുള്ള ദൂരം പോലുമില്ല.

അമ്പലമായ അമ്പലമെല്ലാം കയറിയിറങ്ങി സ്വാമിമാരായ ആസാമിമാരെയെല്ലം കണ്ട് ജപിച്ചു കെട്ടിയ ചരടുകളും  മോതിരങ്ങളും കൈവളകളും തൂക്കണാംകുരുവിക്കൂടുപോലെ കൈയ്യിൽ അലങ്കരിച്ചു നടക്കുന്നവനു പോലും  ബുദ്ധിജീവിയും അരാജകവാദിയും മറ്റുപലതുമായി  വിലസാൻ പറ്റും കേരളത്തിൽ‍ .അന്ധവിശ്വാസം ഒന്നിനും തടസമില്ലെന്നർത്ഥം.


ദൃശ്യങ്ങൾ നിർണ്ണായക സ്വാധീനം ചെലുത്തിയതോടെ തൊട്ടറിഞ്ഞുമാത്രമെ നമ്മൾ ആരെയും വിശ്വസിക്കൂ.സ്വന്തമായ കാമുകിയെപ്പോലും. അത് കൊണ്ടാണ് മനുഷ്യർക്കിടയിൽ നിന്നും നമ്മൾ ദൈവങ്ങളെ സൃഷ്ടിക്കുന്നത്.ആർട്ട് ഫിലിം പോലെ നിശബ്ദ ദൈവങ്ങളെയല്ല,കമേർഷ്യൽ സിനിമ പോലെ തട്ടുപോളിപ്പൻ സംഭാഷണമുള്ള പച്ച ദൈവങ്ങളെയാണ്   ജനങ്ങൾക്കു വേണ്ടത്. അതുകൊണ്ടു തന്നെ മനുഷ്യദെവങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും,അല്ലെങ്കില്നമ്മൾ ഉണ്ടാക്കിക്കൊണ്ടിരിക്കും.


ദൈവങ്ങളെ കോമരങ്ങളിലൂടെ ഉണർത്തുക ചിലവേറിയ പണിയാണ്.  എളുപ്പമുള്ള പണി എന്ന നിലയിലാണ് രാഷ്ടീയത്തിലും സിനിമയിലുമൊക്കെ നമ്മൾ ദൈവങ്ങളെ തിരഞ്ഞു പിടിക്കുന്നതും ഫ്ളക്സ് വെക്കുന്നതും.
ഇൻസ്റ്റന്റ് ദൈവങ്ങൾ വാഴ്കഎന്നതായിരിക്കട്ടെ നമ്മുടെ മുദ്രവാക്യം.ആവശ്യം പോലെ ഉപയോഗിക്കുകയും അത് കഴിയുമ്പോൾ  വലിച്ചെറിയാനുമുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി വിശ്വാസി(അന്ധ)കളെ പോരാടുവിൻ.

മണിലാൽ
www.marjaaran.blogspot.com2 comments:

മണിലാല്‍ said...

ദൃശ്യങ്ങൾ നിർണ്ണായക സ്വാധീനം ചെലുത്തിയതോടെ തൊട്ടറിഞ്ഞേ നമ്മൾ ആരെയും വിശ്വസിക്കൂ.സ്വന്തമായ കാമുകിയെപ്പോലും. അത് കൊണ്ടാണ് മനുഷ്യർക്കിടയിൽ നിന്നും നമ്മൾ ദൈവങ്ങളെ സൃഷ്ടിക്കുന്നത്.ആര്‍ട്ട് ഫിലിം പോലെ നിശബ്ദ ദൈവങ്ങളെയല്ല,കമേർഷ്യൽ സിനിമ പോലെ തട്ടുപോളിപ്പൻ സംഭാഷണമുള്ള പച്ച ദൈവങ്ങളെയാണ് ജനങ്ങൾക്കു വേണ്ടത്. അതുകൊണ്ടു തന്നെ മനുഷ്യദെവങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും,അല്ലെങ്കില്‍ നമ്മൾ ഉണ്ടാക്കിക്കൊണ്ടിരിക്കും.

Muralee Mukundan , ബിലാത്തിപട്ടണം said...

ദൈവങ്ങളെക്കാൾ എന്തു കൊണ്ടും മേലേ നിർത്തേണ്ടത് മനുഷ്യദൈവങ്ങളെയാണ്.അവർ ഭൂമിയിർ, മണ്ണിൽ തൊട്ടുനില്‍ക്കുന്നു.ഉറുമ്പ് കടിച്ചാൽ അവർക്ക് വേദനിക്കുന്നു,അതിനെ അവർ ഉരച്ചു കൊല്ലുന്നു.കൊതുകിനെ ബാറ്റിംഗിലൂടെ ഓടിച്ചാടി വകവരുത്തുന്നു.


നീയുള്ളപ്പോള്‍.....