പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Thursday, February 28, 2019

മലയാളത്തിന്റെ പ്രണയമാധുരി അഥവാ ഒരു ബൈക്ക് യാത്രയുടെ ഓർമ്മ

        ആയിരം വില്ലൊടിഞ്ഞു ആരോമന മെയ്മുറിഞ്ഞു എന്ന പാട്ട് കേള്‍ക്കുകയാണ്. ഈ പാട്ടാണ്  ഈയെഴുത്ത് തരുന്നത്. ഒളികണ്ണിലെയോരിതള്‍ തേന്മലരമ്പുകള്‍ വന്നു തറക്കാത്തൊരിടമില്ല  എന്നിൽ വന്നുതറക്കാത്തൊരിടമില്ല...  എന്ന് മാധുരി പാടുകയാണ്,വയലാറിന്റെ വരികളില്‍ ദേവരാജൻ മാഷിന്റെ സംഗിതത്തിൽ യേശുദാസിനൊപ്പം.ഒരു തലമുറയെ പ്രണയാതുരമാക്കിയതിന്റെ അവകാശികളിൽ ഇവരെല്ലാമുണ്ട്. കവിതയിലും കഥയിലും ജീവിതത്തിലും ഇതര പടര്‍പ്പുകള്‍ വേറെ ഉണ്ടായിരുന്നുവെങ്കിലും. കേരളത്തെ പ്രണയാതുരമാക്കിയതിൽ വയലാറിനും ദേവരാജന്‍ മാസ്റ്റര്‍ക്കും യേശുദാസിനും മാധുരിക്കുമൊക്കെ വലിയ പങ്കാണുള്ളത്, ചങ്ങമ്പുഴയുടെ തുടർച്ച. ഈ മുന്തിരിപ്പന്തലില്‍ മധുവിധു രാത്രിയില്‍ ഒന്നൊഴിയാതെ ഞാന്‍ തിരിച്ചു തരും അവ ഒന്നൊഴിയാതെ ഞാന്‍ തിരിച്ചു തരും.... ജീവിതത്തിൽ നിന്നുയർന്ന് നിൽക്കുന്നതും, ഗൃഹാതുരതവും പ്രണയസന്നിഭവുമായ ഒരവസ്ഥയെ അവര്‍ മലയാളിമനസ്സുകള്‍ക്കായി സൃഷ്ടിച്ചെടുത്തു.കാലങ്ങളെ   യൌവ്വനസന്നിഭമായ ഒരവസ്ഥയിലേക്ക് അവർ മാറ്റി തീര്‍ക്കുകയും ചെയ്തു. ഈ പാട്ടുകൾക്കൊപ്പം മലയാളികൾ നിത്യഹരിതരായി,പ്രേംനസീറിനെപ്പോലെ.  രാഷ്ട്രീയത്തെ പാട്ടുകളില്‍ നിന്ന് അവര്‍ മാറ്റിനിര്‍ത്തിയതുമില്ല,മാറ്റത്തിനുള്ള ഉപകരണമാക്കുകയും ചെയ്തു. മനുഷ്യന്‍ മതം ദൈവങ്ങള്‍ ഭൂമി ഇവയെയെക്കുറിച്ചെല്ലാം അവര്‍ വിമർശവിശകലനങ്ങള്‍ നടത്തി   മൂന്നാം തരമെന്ന് പരിഹസിക്കപ്പെടുന്ന സിനിമാ പാട്ടിലൂടെ. ‘ദന്തഗോപുരം തപസിനു തിരയും ഗന്ധര്‍വ്വകവിയല്ല ഞാന്‍........ മൂകത മൂടും ഋഷികേശത്തിലെ മുനിയല്ല ഞാന്‍ ഒരു മുനിയല്ല ഞാന്‍...‘ ഈ പാട്ടിന്റെ മൂഡ് പ്രണയവും സാഹിത്യം രാഷ്ട്രീയവുമാണ്.പ്രണയം ഫാസിസത്തിന്റെ കാലത്ത് രാഷ്ട്രീയമാണെന്ന് റഷ്യൻ കവി അന്ന അഹമത്തോവ പറഞ്ഞിട്ടുമുണ്ട്. രാഷ്ട്രീയം പ്രമേയമാക്കിയ പാട്ടുകളിൽ പോലും  പ്രണയത്തിന്റെ മാധുര്യം ചേർത്തു മാധുരി.ദേവരാജനും വയലാറും  ഇതിനു കൂട്ടായി നിന്നു.മാധുരി അങ്ങിനെയാണ്,പാട്ടാകെ പ്രണയമാണ്.പാടാന്‍ അറിയില്ല എന്ന വിമർശനത്തെ  അവര്‍ പ്രണയാതുരമായ സ്വരം കൊണ്ടാണ് അതിജീവിച്ചത്.  വെള്ളിവീഴ്ച തിട്ടപ്പെടുത്താന്‍ തുനിഞ്ഞവരെ പ്രണയത്തിന്റെ മുന്തിരിച്ചാറില്‍ അവര്‍ മുക്കിത്താഴ്ത്തി. മനുഷ്യന്റെ സങ്കല്പഗന്ധമില്ലാത്തൊരു മന്ത്രമുണ്ടൊ,ദേവമന്ത്രമുണ്ടൊ...

രാവിലെ എഴുന്നേറ്റാല്‍ മൂളലായി വന്നു നിറയുന്നതാണ് ഓരോ ദിവസത്തെയും എന്റെ പാട്ട്.അല്ലെങ്കില്‍ അന്നത്തെ സംഗീതത്തിന്റെ തുടക്കം.ഒന്നുറങ്ങി അത് മനസ്സില്‍ നിന്നും മാഞ്ഞുപോകണം,തേഞ്ഞു പോകണം,അതുവരെ നാവിലത് പറ്റിപ്പിടിച്ചു കിടക്കും.പലപ്പോഴും ആ ദിവസത്തെ മൂഡുമായി ബന്ധപ്പെട്ടതാണത്.കേരളത്തിൽ നിന്ന്ഓ തുടങ്ങി അത് പാക്കിസ്ഥാൻ അതിർത്തിയും കടക്കും.സംഗീതം പോലെ ദിവസവും മനസ്സില്‍ വരുന്ന സൌഹൃദങ്ങളും വ്യത്യസ്തമാകുന്നു,പ്രണയങ്ങളും,പാട്ടുകളിൽ    ഏറ്റവും അടുത്തു നില്‍ക്കുന്നത് മലയാളം പാട്ടുകള്‍ തന്നെ,കാരണം മറ്റൊന്നുമല്ല സംഗതിവശാൽ മലയാളിയായിപ്പോയി.  ഓരോ ഭാഷയും   അതിന്റെ  സ്വന്തം സംഗീതത്തെ ഒളിപ്പിച്ചുവെച്ചിരിക്കുന്നു. അതിനെ ക്രമത്തിലും ഒതുക്കത്തിലും  മെരുക്കിയെടുക്കുക  മാത്രമേ ചെയ്യേണ്ടതുള്ളു.ദേവരാജന്റെ ഗാനമാധുരി അതാണ്,മറ്റു പലരുടേയും പോലെ.  ഞാന്‍ നട്ട പയറിന് വിരലിലിടാനൊരു വൈഢൂര്യ മോതിരം തന്നേ പോ... ഞാന്‍ ഏറ്റവുമധികം സഞ്ചരിച്ചിട്ടുള്ളത് ,   വായു വേഗത്തില്‍ മലയാള ചലച്ചിത്ര ഗാനങ്ങൾക്കൊപ്പമാകുന്നു. അവ എന്നില്‍ സഞ്ചാരശീലം വളർത്തി.  തൃക്കാക്കര പൂപോരാഞ്ഞ് തിരുനക്കര പൂ പോരാഞ്ഞ്.... തൃക്കാക്കരയും തിരുനക്കരയും തൊട്ട് തെക്കൻകാറ്റും  ഭാവനാവേഗത്തിൽ തിരുമാന്ധാം കുന്നിലെത്തിയത് എത്ര പെട്ടെന്നാണ്. ഇപ്പോഴാണെങ്കില്‍ പെരിന്തല്‍മണ്ണയും തിരുമാന്ധാംകുന്നും അരികെ.  ദൂരവും സമയവും കൈപ്പിടിയിലൊതുങ്ങുമ്പോള്‍  കാവ്യകല്പനകള്‍ മങ്ങുന്നു.മണ്ണിന്റെ ശേഷിപ്പിനെപ്പോലും കോണ്‍ക്രീറ്റില്‍ മൂടുന്നു,പാട്ടിൽ നിന്നും കവിതയിൽ നിന്നും ജീവിതം അകന്നുപോകുന്നത് അതു കോണ്ടായിരിക്കാം. ഒരിക്കല്‍ തിരുമന്ധാംകുന്നിൽ    കുറെ നേരം നിന്നു.അമ്പലം കാണാനല്ല.ഞെരളത്തിന്റെ സംഗീതത്തോടൊപ്പം വയലാറും മാധുരിയും   അവിടേക്ക്   എന്നെ കയറ്റുകയായിരുന്നു. ഭക്തി എനിക്ക് ലജ്ജയാണ് തരുന്നത് .ആ തോന്നല്‍ പോലും എനിക്ക്  അപമാനത്തിന്റെ  ആവരണം തരുന്നു. എന്നിട്ടും ഞാന്‍ “തരുമോ തിലകം ചാര്‍ത്താനെനിക്കു നിന്‍ തിരുവെള്ളിത്തിറയുടെ തേന്‍ കിരണം......” എന്ന് മാധുരിയെ പാടിപ്പോകുന്നു.  ഭക്തിയെ പ്രചരിപ്പിക്കുന്നതിൽ ഈ സംഗീതക്കാരുടെ പങ്കിനെ വെറുതെ വിടുന്നു. ഒറ്റ വരിയില്‍ വയലാര്‍ കുറിച്ചിട്ട തിരുമാന്ധാംകുന്നിനെ വീണ്ടും എനിക്ക് പുനസൃഷ്ടിക്കേണ്ടിവന്നു.മാഹിയില്‍ പോയി മുകുന്ദന്റെ മയ്യഴി സൃഷ്ടിക്കുന്നതുപോലെ,തസറാക്കില്‍ പോയി ഒ.വി.വിജയനെ  മെരുക്കുന്നതുപോലെ.മാര്‍ക്വേസിന്റെ മെക്കണ്ടൊയെ അന്വേഷിച്ച് അതൊരു സ്ഥലഭാവനയെന്ന് തിരിച്ചറിയുന്ന ഡോക്യൂമെന്ററി  സിനിമയുണ്ട്. വയനാടും തിരുനെല്ലിയും  ആകർഷകമാകുന്നതിൽ  നീലപ്പൊന്മാനെ എന്റെ നീലപ്പൊന്മാനെ എന്ന പാട്ടിനും പങ്കുണ്ട്. പി.വത്സലയും രാമു കാര്യാട്ടുമൊക്കെ കൂടെയുണ്ട് . ചുണ്ടില്‍ പൈപ്പും തിരുകി ബുൾഗാൻ വെച്ച രാമുകാര്യാട്ട് ഏതോ ഫ്രെയിമിലേക്ക് ദൃഷ്ടിയൂന്നി  പാറയിൽ കയറി നില്പുണ്ടൊ എന്നൊരു തോന്നലും  വിട്ടുപോകുന്നില്ല. ആരും മരിക്കുന്നില്ല,ഒന്നും മായുന്നില്ല. തിരുനെല്ലി സ്പൈസസ് വാലിയിലെ താമസക്കാലത്ത് തുറന്നിട്ട ജനലയിലൂടെ മഴപെയ്തൊഴിഞ്ഞ ഒരു രാത്രിയില്‍ കാടാകെ ലക്ഷക്കണക്കിന് മിന്നുമിനുങ്ങുകൾ തെളിഞ്ഞിറങ്ങുന്നതു കണ്ട് ,   വയനാട്ടിലെ വാസന പൂവുകള്‍ വാര്‍മുടി ചീകി ചൂടേണം... എന്ന പാട്ടായി ഞാൻ മാറി. മാനന്തവാടിയില്‍  നിന്നും തിരുനെല്ലിയിലെക്ക് വരുമ്പോള്‍     തേക്കിന്‍ തോട്ടത്തില്‍ നിന്നനുഭവിച്ച കാറ്റും കുളിരും,  തേക്കു പൂക്കും കാട്ടിലെ .... എന്ന വരികളുമായി ചേര്‍ത്ത് വെച്ചു. തൊട്ട വീട്ടിലെ  സുകുമാരനുണ്ണി തിരുനെല്ലി -മാനന്തവാടി  യാത്രകൾ സന്ധ്യയിലേക്ക് മാറ്റി വെക്കും എന്ന് പറഞ്ഞപ്പോഴാണ് എന്റെ മാത്രം തോന്നലല്ല അതെന്ന് തോന്നി.       പ്രകൃതിയെ ആപാദചൂഡം അനുഭവിക്കണമെങ്കില്‍ ബൈക്കില്‍ തന്നെ പോകണം. വയലാറും,വയലാറിന്റെ  ഭാവനക്കൊപ്പം യേശുദാസും മാധുരിയും ഇതിലേ സഞ്ചരിച്ചിട്ടുണ്ടാവും. പ്രണയത്തിലേക്ക് ചാഞ്ഞ് അതിന്റെ സുഗന്ധമറിഞ്ഞാണ് മാധുരി എപ്പോഴും  പാടുക.കാമവും ശൃംഗാരവുമെല്ലാം അതിന് ചേരുമ്പടി ചേരും.   പാട്ടിന്റെ പൂമാരി വീണുവീണ് കാട്ടിലെ മുളങ്കാട് പീലീനീര്‍ത്തി മാനസമയൂരം വീണ്ടുമേതോ മാദക ലഹരിയില്‍ നൃത്തമാടി അല്ലെങ്കില്‍ എങ്ങിനെയാണ് മഞ്ഞിനും മഴക്കുമിടയിലെ പുയൽ  പോലെ ഈ വരികളൊക്കെ നമ്മെ പറ്റിപ്പിടിക്കുന്നത്.

 ഒളികണ്ണിലെയോരിതൾ തേന്മലരമ്പുകൾ വന്നുതറക്കാത്തൊരിടമില്ല എന്നിൽ.....


   

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

ഒരു തലമുറയെ പ്രണയാതുരമാക്കിയതിന്റെ അവകാശികളിൽ ഇവരെല്ലാമുണ്ട്. കവിതയിലും കഥയിലും ജീവിതത്തിലും ഇതര പടര്‍പ്പുകള്‍ വേറെ ഉണ്ടായിരുന്നുവെങ്കിലും. കേരളത്തെ പ്രണയാതുരമാക്കിയതിൽ വയലാറിനും ദേവരാജന്‍ മാസ്റ്റര്‍ക്കും യേശുദാസിനും മാധുരിക്കുമൊക്കെ വലിയ പങ്കാണുള്ളത്...


നീയുള്ളപ്പോള്‍.....