പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Wednesday, September 30, 2009

മാമല്ലപുരത്തെ സുശീലാമ്മ














വാച്ചും പേച്ചും കണിശമായി ഉപയോഗിക്കുന്ന സാധാരണ മനുഷ്യനാണെങ്കില്‍ മനസ്സമാധാനത്തോടെ പോക്കുവരത്ത് സാദ്ധ്യമല്ലാത്ത സ്ഥലമാണ് മഹാബലിപുരം.പോക്കുവരവുകള്‍ കൃത്യമായി കണക്കുവെക്കാത്ത കുതിപ്പുകള്‍ക്ക് ഈ സ്ഥലം നല്ലൊരു സാദ്ധ്യതയുമാണ്.

ഈ സ്ഥലത്തെ മാമല്ലന്‍ എന്ന ശില്പിയുടെ പേരുചേര്‍ത്ത് മാമല്ലപുരമെന്ന് വിളിച്ചാലും ഒന്നും സഭവിക്കാനില്ല.പുതു ലോകത്തിലെ വിധേയരാവാന്‍ വിധിക്കപ്പെട്ട മനുഷ്യരേക്കാള്‍ ജീവന്‍ തുടിക്കുന്ന ശില്പങ്ങള്‍ സജീവമായ ഈ നഗരത്തില്‍ ചരിത്രം നമ്മെ പിറകോട്ടുവലിക്കുമെങ്കിലും കാലം എവിടെയുമെന്നപോലെ ഇവിടെയും മുന്നോട്ട് തന്നെയാണ് സ്റ്റെപ്പ്  വെക്കുന്നത്.പാറകളില്‍ കയറിയും ശില്പം നുണഞ്ഞും വെയിലില്‍ തളര്‍ന്നിരുന്നും........ ശില്പങ്ങള്‍ പോലെ കാലങ്ങളിലേക്കും ചരിത്രത്തിലേക്കും,അങ്ങിനെ പലതിലേക്കും നമ്മള്‍ രൂപാന്തരം കൊള്ളും.



അതും പോരാഞ്ഞ്,നിലത്തിറങ്ങിയാല്‍ നിങ്ങളെ കൊത്തിപ്പെറുക്കാന്‍ കാത്തുനില്‍ക്കുന്ന കീറസാരിയില്‍ പൊതിഞ്ഞ് കുറെ ജീവിതങ്ങളും.വീട്ടിലെ സ്ത്രീകളെപ്പോലെയല്ല ഇവര്‍.

ഇത് സൂര്യന്‍ ഉരുക്കുന്ന ഭൂമിയുടെ തുറസ്സാണ്.കാളിയ മുഖങ്ങള്‍. .ദാരിദ്യമാണ് ഇവരുടെ ശരീരഭാഷ.യാചനയാണ് ഇവരുടെ വാമൊഴി.മാലകള്‍ വളകള്‍ തുടങ്ങിയ കൌതുകവസ്തുക്കള്‍ റാക്കിലെന്ന പോലെ കറുത്ത കൈകളില്‍ നിറയെ.വെറുതെ ഭിക്ഷ യാചിക്കേണ്ടല്ലോ എന്നൊരു മട്ട്.മിക്കവരുടേയും ഒക്കിലോ കെട്ടിലോ തലനീട്ടിയിരിക്കുന്ന ഇത്തിരിപ്പോന്ന കുട്ടികളുമുണ്ടാവും,ചിലരുടെ വയറ്റിലും.വെയില്‍ മൂത്ത പകലിലേക്ക് പാമ്പുകള്‍ തല നീട്ടുന്നതുപോലെ കുട്ടികകളുടെ കണ്മിഴിപ്പ് . ശുഷ്കമരത്തില്‍ കായ്കള്‍ തിരിനീട്ടിയപോലെ ശരീരത്തിന്റെ വിവിധ ഭാ‍ഗങ്ങളില്‍ കുഴന്തകള്‍ കാണപ്പെടുന്നു.മനുഷ്യത്വമുള്ളവരെ നായ്ക്കളെപ്പോലെ കുരയ്ക്കാന്‍ പ്രേരിപ്പിക്കുന്ന   സ്ഥലമാണ് മാമല്ലപുരം.ദയവുണ്ടായി ഒരു സ്ത്രീയുടെ പക്കല്‍ നിന്ന് മാല വാങ്ങുകയോ ഒരാള്‍ക്ക് ഭിക്ഷ കൊടുക്കുകയോ
ചെയ്താല്‍ പിന്നെ നിങ്ങള്‍ കൈയ്യയച്ച് നില്‍ക്കുക തന്നെ വേണം.മറ്റുള്ളവര്‍ നിങ്ങളെ വിടില്ല.പത്രക്കാരെ വെട്ടി മുന്നേറുന്ന അഴിമതിക്കാരായ രാഷ്ടീയവിരുതന്മാരുടെ മെയ്‌വഴക്കം തന്നെ വേണം അതില്‍ നിന്നും ഊരിപ്പോരാന്‍.ചിലപ്പോള്‍ നമ്മള്‍  ആ പാവങ്ങള്‍ക്കു നേരെയും    കുരച്ചു പോകും.

നാട്ടിലെത്തുമ്പോള്‍ ഭാര്യയെ സന്തോഷിപ്പിക്കാന്‍ എന്തെങ്കിലും വാങ്ങിക്കൂട്ടുക ഏതൊരു അഭിനവ ഭര്‍ത്താവിന്റെ മറന്നു പോകാന്‍ വയ്യാത്ത ഉത്തരവാദിത്വമാണ്.പിന്നെ വീട്ടിലുള്ളവരെ വിട്ട് രഹസ്യമായി കൂടെക്കൂട്ടിയ മറ്റവളുമാരുടെ ചേരുമ്പടി നോക്കി    കഴുത്തിലോ കാലിലോ മറ്റെവിടെയെങ്കിലുമോ ആടയാഭരണങ്ങള്‍  അണിയിക്കുക എന്നത് ദാമ്പത്യജീവിതത്തിലെ  ഇടവിളകൃഷിയാകുന്നു.ഇതിനു സര്‍ക്കാരില്‍ നിന്നും സബ്സിഡിയില്ല.


 കുടുംബഭാരത്തില്‍ കുടുങ്ങിയും,  കുടുംബഭാരങ്ങളില്ല്ലാതെ സല്ലപിച്ചും കാമുകീഭാരം ആസ്വദിച്ചും കഴുതച്ചാണകത്തില്‍ കാല്‍ തൊടാതിരിക്കാന്‍ ഒറ്റക്കാലില്‍ നൃത്തം ചവിട്ടിയും നടന്നുനീങ്ങുന്നതിനിടയില്‍ തമിഴില്‍ കശപിശ

കേട്ട് നിങ്ങള്‍ സഡന്‍ ബ്രേക്കിട്ട പോലെ നില്‍ക്കും.ബഹളം കേട്ട സ്ഥലത്തേക്ക് നോക്കുന്നിടം ഒരു ഹോട്ടലായീരിക്കും.

നമ്മുടെ കഥയിലെ രാജ്ഞിപ്പാര്‍ട്ടുകാരി സുശീലാമ്മയുടെ ഹോട്ടല്‍.കേരളത്തിലെ സ്ത്രീകള്‍ മാനം മര്യാദക്ക് നടത്തുന്ന കുടുംബശ്രീ ഹോട്ടലാണെന്ന് ഒറ്റ നോട്ടത്തില്‍ തെറ്റിദ്ധരിച്ചു പോകും.പിന്നീടാണ് നമ്മള്‍ സുശീലാമ്മയുടെ കഴിവിലും ധാര്‍ഷ്ട്യത്തിലും ആകൃഷ്ടരാവുക.ദോശ ഇഡ്ലി ഉപ്പുമാ മസാല്‍ ബജി തുടങ്ങിയ തീറ്റസാമഗ്രികള്‍ അലമാരയിലും അടുക്കളയിലും ഇരിക്കുകയും ഓണ്‍ലൈനില്‍ നടന്നു നീങ്ങുകയും ചെയ്യുന്ന ഒരു

ആയുര്‍വ്വേദ ഭക്ഷണ ശാലയാണ് സുശീലാമ്മയുടെ ഈ ഏകാംഗ സംരംഭം.    ആര്‍ത്തിയോടെ വന്നിറങ്ങി കൊത്തിപ്പറുക്കുന്ന സഞ്ചാരികളാണ് സുശീലാമ്മയുടെ പ്രായോജകര്‍. ഒറ്റക്കും തെറ്റക്കും വരുന്നവര്‍ക്ക് രക്ഷയില്ല.വിശന്നും അലറിയും ആര്യന്മാരെപ്പോലെ ആര്‍പ്പുവിളിച്ചും അകത്തേക്ക് കയറുന്നവര്‍ക്ക് സംഘബലത്തിന്റെ ഊക്കില്‍ അവിടെ കയറിപ്പറ്റാം.ഒറ്റയാന്മാര്‍ക്ക് പശിയൊടുക്കാന്‍ പഞ്ചറായ തള്ളു വണ്ടികളില്‍ തട്ടുകടകള്‍ പുറത്തുകിടപ്പുണ്ട്.ആണ്‍കളും പെണ്‍കളും കൊഴന്തകളുമായി സുശീലാമ്മയുടെ വീട്ടിലെ എല്ലാവരും തന്നെ ശമയല്‍,സപ്ലൈ,ക്ലീനിംഗ്,സൂപ്പര്‍ വൈസിംഗ്, തുടങ്ങിയ മേഖലകളില്‍ വ്യന്യസിച്ചിട്ടുണ്ട്.

കാഷ് കൌണ്ടര്‍ മാത്രം ഒഴിഞ്ഞുകിടക്കുന്നു.സിംഗില്‍ ബെഞ്ച് കോടതിയിലെ ഒറ്റക്കസേരയുടെ ധാര്‍ഷ്ട്യം അവിടുത്തെ ഒടിയന്‍ കസേരക്കുള്ളതായി ഒറ്റ നോട്ടത്തില്‍ തോന്നിപ്പോകും.ഹൈക്കോടതിയുടെ ഒരു ബഞ്ചെങ്കിലും കിട്ടിയിരുന്നെങ്കില്‍ ധൈര്യമായി കത്തിക്കുത്തും കല്ലേറും ധൈര്യമായി നടത്താമായിരുന്നു എന്ന് ഓരിയിടുന്ന തിരോന്തരം നായന്മാരെപ്പറ്റി ഓര്‍ത്തു.ഒരേ ടീമിനു തന്നെ പലരും സപ്ലൈ ചെയ്യുന്നതിനാല്‍ വിളമ്പുന്നതിന്   കയ്യും  കണക്കുമില്ല,തിന്നുന്നതിനും.വിളമ്പുന്നവന്റെ ഊര്‍ജ്ജം തിന്നുന്നവനിലേക്ക് പടര്‍ന്ന് ഏമ്പക്കമെന്ന സ്റ്റോപ്പ് സൈറണിന് പകരം ശ്വാസ തടസം എന്ന വ്യാധിയിലേക്ക് എത്തിപ്പെടുന്നതു വരെ നമ്മളും ചെലുത്തിക്കൊണ്ടിരിക്കും.ഒടുവില്‍ ഒന്നിനും മേലാഞ്ഞ് എഴുന്നേറ്റ് ഒരു

കണക്കിന് വായും കൈയ്യും കഴുകി ടീം മാനേജര്‍ ക്യാഷ് കൌണ്ടറിന് മുന്നിലെത്തുന്നതോടേ ദഹനസഹായി എന്ന നിലയിലേക്ക് കണക്കുകൂട്ടലിന്റെ തൊന്തറവ് തുടങ്ങും.വിഴുങ്ങിയ ഭക്ഷണത്തിന്റെ കണക്ക് പുറത്തെടുത്ത് കണക്ക് കൂ‍ട്ടുക എന്ന് വെച്ചാല്‍ പടച്ചോന് പോലും പറ്റുന്ന കാര്യമല്ല.പിന്നെന്തു ചെയ്യും?

ഒരേ ഒരു പോം വഴി തര്‍ക്കിക്കുക എന്നതാ‍ണ്.(പനി പന്നിയാണൊ പോത്താണൊ,അച്ചുവേട്ടന്‍ അഴീക്കോടുള്ള സുകുവിനെ ഫോണില്‍ വിളിച്ചോ എന്നൊക്കെ തര്‍ക്കിക്കുന്ന മലയാളിയോട് തര്‍ക്കശാസ്ത്രത്തെക്കുറിച്ച് പറയേണ്ടതില്ലല്ലോ.വഴിയില്‍ തൂറിയിട്ടിട്ട് ഇതാരുടെ എന്ന് തര്‍ക്കിക്കുന്നിടം വരെയെത്തിയിരിക്കുന്നു നമ്മുടെ മധ്യമധര്‍മ്മം.)തിന്നവരും കൊടുത്തവരും പലരായതിനാല്‍ പിന്നെ കണക്കും തര്‍ക്കവുമായി പെരിയ കോലാഹലം തന്നെ  പ്രതീക്ഷിക്കാം.


ഈ സമയത്താ‍യിരിക്കും കോടതിയിലേക്ക് ന്യായാധിപന്‍ എഴുന്നള്ളുന്നതു പോലെ അടുക്കളയില്‍ നിന്നും കൈ സാ‍രിയില്‍ തുടച്ച് കാഷ് കൌണ്ടറിന് പിറകില്‍ ഉയര്‍ത്തി വെച്ച കസേരയില്‍ സുശീലാമ്മ ഉപവിഷ്ടയാകുന്നത്.ഈ സമയത്ത് മാത്രമേ അവര്‍ രംഗത്ത് അവതരിക്കൂ.ഏതോ വലിയ സീരിയലിനിടയിലെ ഒരു ചെറിയ കമ്മേര്‍ഷ്യല്‍ ബ്രേക്ക് പോലെയാണവരുടെ വരവ്.അവര്‍ കസേരയില്‍ ഇരിക്കുന്നതിന് മുമ്പ് എല്ലാവരേയും കൈകൂപ്പി അഭിവാദനം ചെയ്യുന്നു.നിയമ സഭാ സ്പീക്കറെപ്പോലെ ഒട്ടും അത്മാര്‍ത്ഥതയില്ലാത്ത  കര്‍ത്തവ്യം.പണപ്പെട്ടിയെ കണ്ണൊന്നടച്ച് നമസ്കരിക്കുന്നു.ഇവറ്റകളും ഇവിടുണ്ടല്ലോ എന്നോര്‍ത്ത് പിറകില്‍ ഫ്രെയിം ചെയ്തു വെച്ച ദൈവങ്ങളെയും വന്ദിക്കുന്നു,പാവങ്ങള്‍.കസേരയില്‍ അമരുന്നതോടെ ഉള്ളില്‍ കെട്ടിനിന്ന ഗ്യാസ് പലതരം രാഗത്തില്‍ പുറത്തേക്ക് പുറപ്പെട്ട് കാറ്റുപോയ ബലൂണ്‍ പോലെ അവര്‍ ഒന്നു ചുങ്ങുന്നു ‍.വിളമ്പിയവരെ ആദ്യം വിസ്തരിക്കുന്നു. പിന്നെ കഴിച്ചവരേയും.സ്വാഭാവികമായും കണക്ക് രണ്ടു വഴിക്കാവും ഒടുവില്‍ ഇലക്ക് കേടു വന്നാലും മുള്ളിനൊന്നും പറ്റരുതെന്ന ന്യായവിധിയോടെ സുശീലാമ്മ ഒരു സംഖ്യ പ്രഖ്യാപിക്കുന്നു.അത് കൊടുത്ത് പോവുക.അത്രയേ തീറ്റക്കാര്‍ക്ക്

നിവൃത്തിയുള്ളു. “മേല്‍ക്കോടതിയുണ്ട്,ഫുള്ളൂം പൈന്റുമായ പലതരം ബെഞ്ചുകളുണ്ട് ”
എന്നൊക്കെ പറഞ്ഞ് അവിടെ നിന്ന് തടിയും കുണ്ടിയുമൂരാന്‍ നോക്കേണ്ട.



തമിഴ് നാടാണെങ്കിലും അവിടെയും ഗുണ്ടകളുണ്ട്.കൌണ്ടറിലെ തര്‍ക്കം തീരുന്നതുവരെ അവര്‍ നൂര്‍സേട്ട് ബീഡി വലിച്ച് പുറത്തെ ബഞ്ചിലമര്‍ന്ന് അകത്തേ എട്ട് ഇഞ്ച് ബ്ലാക്ക് ആന്റ് വൈറ്റ് ടിവിയിലെ രജനീ കാന്തിന്റെ സ്റ്റൈല്‍ പഠിച്ചുകൊണ്ടിരിക്കുന്നുണ്ടായിരിക്കും. ആവശ്യമെങ്കില്‍ ഇടപെടാന്‍ പാകത്തില്‍.

(എം.ജി.ആര്‍.കണ്ണടയും തൊപ്പിയും വെച്ച എന്റെ സുഹൃത്തുക്കളായ സഗീറിനെയും ബാലുവിനെയും കണ്ട് തമിഴ് ഗുണ്ടകള്‍ക്ക് ഒരു അയവ് വന്നു.ഗുണ്ടകളില്‍ വെച്ച് ഗുണനിലവാരമുള്ളത് മലയാളം ഗുണ്ടകള്‍ക്കാണല്ലോ.)
ഞങ്ങളുടേ ഊഴം വന്നപ്പോള്‍ സപ്ലൈമാര്‍ കൂട്ടം കൂടി മുന്നൂറ്റി നാല്പത് മുന്നൂറ്റി  നാല്പത് മുന്നൂറ്റിനാല്പത്  എന്ന് മൂന്നുവട്ടം ശബ്ദമുയര്‍ത്തി പറഞ്ഞു.സുശീലാ‍മ്മ പ്രതികള്‍ക്ക് എന്തെങ്കിലും പറയാനുണ്ടോ എന്ന ഭാവത്തില്‍ ഞങ്ങളെ നോക്കി.ഞങ്ങളുടെ ടീംമാനേജര്‍ അപ്പാച്ചി എന്ന പുരുഷേട്ടന്‍ തിന്ന കുറ്റം സമ്മതിക്കുന്നു ,എന്തു ബില്ലും സ്വീകരിക്കാം

എന്നമട്ടില്‍ പറഞ്ഞ തുക കൊടുക്കാന്‍ തയ്യാറായി പേഴ്സ് വലിച്ചു തുറന്നു.ആദ്യമായി ഒരു ബില്‍ രമ്യതയോടെ അടക്കുന്നു എന്ന് വന്നതില്‍ സുശീലാമ്മയുടെ സിംഗിള്‍ബെഞ്ചിന് അഭിമാനക്ഷതമേറ്റപോലെയായി. അവരുടെ വട്ടേപ്പ മുഖം കരിഞ്ഞു.


വേണ്ടാങ്കെ..........ഒരു മുണ്ണൂറു  രൂപായ് കൊട്........


അപ്പോ പറഞ്ഞുവന്നത് മഹബലിപുരത്ത് പോകുന്നുണ്ടെങ്കില്‍ സുശീലാമ്മയുടെകടയിലും കയറണം മൂക്കുമുട്ടെ തിന്നണം,തര്‍ക്കിക്കണം.അടിയിലെത്തുന്നതിന് മുമ്പ്എങ്ങിനെ തലയൂരണമെന്ന് ഗുണ്ടയായ മലയാളിക്ക് പോലും പറഞ്ഞുകൊടുക്കേണ്ടകാ‍ര്യമില്ല.


എന്തായാലും മഹാബലിപുരം നമ്മെ സന്തോഷിപ്പിക്കും.അവിടുത്തെശില്പസൌഭഗങ്ങള്‍ നമ്മെ ഉണര്‍ത്തും.ഒടുവില്‍ സുശീലാമ്മയുടെ കൈയ്യില്‍ നിന്നുംപരിക്കുകളില്ലാതെ പുറത്തുകടക്കുമ്പോള്‍ നമ്മള്‍ പൊരിവെയിലിലും ആ‍ശ്വാസംകൊള്ളും. എന്തു തന്നെയായാലും സാക്ഷാല്‍ ശബരിമലയില്‍ പോയി മൂന്നു നാലൂസംസ്ഥാനങ്ങളൊന്നിച്ച് കലക്കുന്ന വിസര്‍ജ്യത്തില്‍ മുങ്ങിക്കുളിക്കുന്നതിലുംഭേദമാണ് മാമല്ലാപുരത്തെ സുശീലാമ്മയുടെ ഹോട്ടലും ഇവിടുത്തെ മറ്റെല്ലാ വിശേഷങ്ങളും. 



18 comments:

മണിലാല്‍ said...

ഏതോ വലിയ സീരിയലിനിടയിലെ ഒരു ചെറിയ കമ്മേര്‍ഷ്യല്‍ ബ്രേക്ക് പോലെയാണവരുടെ വരവ്.അവര്‍ കസേരയില്‍ ഇരിക്കുന്നതിന് മുമ്പ് എല്ലാവരേയും കൈകൂപ്പി അഭിവാദനം ചെയ്യുന്നു.പണപ്പെട്ടിയെ കണ്ണൊന്നടച്ച് നമസ്കരിക്കുന്നു.ഇവറ്റകളും ഇവിടുണ്ടല്ലോ എന്നോര്‍ത്ത് തൊട്ടടുത്ത ദൈവങ്ങളെയും ഒന്നും വന്ദിക്കുന്നു,പാവങ്ങള്‍.കസേരയില്‍ അമരുന്നതോടെ ഉള്ളില്‍ കെട്ടിനിന്ന ഗ്യാസ് പലതരം രാഗത്തില്‍ പുറത്തേക്ക് പുറപ്പെട്ട് അവര്‍ കാറ്റുപോയ ബലൂണ്‍ പോലെ ഒന്നു ചുങ്ങുന്നു,കസേരയില്‍ കൊള്ളാന്‍ പാകത്തില്‍.

Unknown said...

humour at its best.oru VKN kadha vaayicha pole.humourous yet sad.keep it up

sarala said...

ulliloorunna oru chiriyode vayikkan kazhinju... nannayittundu...!! abinandanangal...111

മണിലാല്‍ said...

മോഹന്‍ ദാസ്,സരള അദ്യാഥികള്‍ക്ക് നന്ദി..............

ലേഖാവിജയ് said...

ബാര്‍ഗെയ്ന്‍ ചെയ്തില്ലെങ്കില്‍ ഡിസ്കൌണ്ട് കിട്ടും അല്ലെ?
സുശീലാമ്മയോട് ശബരിമലയിലും ഒരു ബ്രാഞ്ച് തുടങ്ങാന്‍ പറയാം.:)

ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATH said...

അപ്പോ പറഞ്ഞുവന്നത് മഹബലിപുരത്ത് പോകുന്നുണ്ടെങ്കില്‍ സുശീലാമ്മയുടെ കടയിലും കയറണം.അമേരിക്കന്‍ പ്രസിഡന്റിന് പോലും മലബന്ധമുണ്ടാക്കും വിധം മൂക്കുമുട്ടെ തിന്നണം,തര്‍ക്കിക്കണം.അടിയിലെത്തുന്നതിന് മുമ്പ് എങ്ങിനെ തലയൂരണമെന്ന് ഗുണ്ടയായ മലയാളിക്ക് പോലും പറഞ്ഞുകൊടുക്കേണ്ട കാ‍ര്യമില്ല.

so thats the change! nannayi . puthiyoru manam :)

Muralee Mukundan , ബിലാത്തിപട്ടണം said...

തിന്നതിന് ശേഷം കണക്ക് പറഞ്ഞ് തർക്കിക്കാ‍തിരുന്നത് നമ്മുടെ സസ്കാരം!
എന്നാലും സഗീറിനേയും,ബാലുവിനേയും ഗുണ്ടകളാക്കിയല്ലോ..ഉഗ്രൻ അവതരണം!!

ഭായി പറഞ്ഞപോലെ വളിപ്പല്ലാത്ത ഒരു പോസ്റ്റ്
എന്റെ ബ്ലോഗിൽ ഇട്ടിട്ടുണ്ട്..ഒന്നു നോക്കുമല്ലോ

Unknown said...

സുശീലമ്മക്ക് നമോവാകം. മാമല്ലപുരവും നീണാള്‍വാഴ്ക, നല്ല സറ്റയര്‍. (ഇതിനു മലയാളം വാക്കറിയില്ലാത്ത കാരണമാണു. നല്ല അവതരണം.

ഞാന്‍ ഹേനാ രാഹുല്‍... said...

മാമല്ലപുരത്തിന്റെ ശില്പഭംഗിയോടെ സുശീലാമ്മയേയും അവതരിപ്പിച്ചിരിക്കുന്നു.കല്ലില്‍ നിന്നും ശില്പത്തെ കണ്ടെടുക്കുന്നതുപോലെ......ഭാഷയില്‍ നിന്നും സൌന്ദര്യത്തെ പുറത്തെടുക്കുന്ന രചന.സന്തോഷത്തിന്റേതായ എന്റെ സ്പര്‍ശം.........ഇവിടെ രേഖപ്പെടുത്തട്ടെ.

മണിലാല്‍ said...

ഒരേ ഒരു പോം വഴി തര്‍ക്കിക്കുക എന്നതാ‍ണ്.(പനി പന്നിയാണൊ പോത്താണൊ,അച്ചുവേട്ടന്‍ അഴീക്കോടുള്ള സുകുവിനെ ഫോണില്‍ വിളിച്ചോ എന്നൊക്കെ തര്‍ക്കിക്കുന്ന മലയാളിയോട് തര്‍ക്കശാസ്ത്രത്തെക്കുറിച്ച് പറയേണ്ടതില്ലല്ലോ.വഴിയില്‍ തൂറിയിട്ട് ഇതാരുടെ എന്ന് തര്‍ക്കിക്കുന്നിടം വരെയെത്തിയിരിക്കുന്നു നമ്മുടെ മധ്യമാധര്‍മ്മം.)തിന്നവരും കൊടുത്തവരും പലരായതിനാല്‍ പിന്നെ കണക്കും തര്‍ക്കവുമായി പെരിയ കോലാഹലം തന്നെ പ്രതീക്ഷിക്കാം.

Sapna Anu B.George said...

മാമല്ലപുരത്തെ ശില്പഭംഗി ഈ വിവരണത്തിലൂടെയും,സൂശീലാമ്മയിലൂടെയും അവതരിപ്പിച്ചിരിക്കുന്നു നന്നായി മാർജാരാ.....ഒരു നല്ല വിവരണ ശൈലി.

mukundanunni said...

തകര്‍പ്പന്‍

Deepa Bijo Alexander said...

'ഏതോ വലിയ സീരിയലിനിടയിലെ ഒരു ചെറിയ കമ്മേര്‍ഷ്യല്‍ ബ്രേക്ക് പോലെയാണവരുടെ വരവ്.അവര്‍ കസേരയില്‍ ഇരിക്കുന്നതിന് മുമ്പ് എല്ലാവരേയും കൈകൂപ്പി അഭിവാദനം ചെയ്യുന്നു.പണപ്പെട്ടിയെ കണ്ണൊന്നടച്ച് നമസ്കരിക്കുന്നു.ഇവറ്റകളും ഇവിടുണ്ടല്ലോ എന്നോര്‍ത്ത് തൊട്ടടുത്ത ദൈവങ്ങളെയും ഒന്നും വന്ദിക്കുന്നു,പാവങ്ങള്‍.'.

രസിച്ചു വായിച്ചു....കലക്കൻ......! :-)

മണിലാല്‍ said...

നന്ദി.........ദീപാ................അലക്സാണ്ടര്‍.

Unknown said...

oru samshayam.......ee mamallapurathe suseelamma aano aa camerayum pidichu kontu nilkkunnath. ?

Anonymous said...

മാമല്ലപുരത്തെ സുശീലാമ്മയാണോ ക്യാമറയേന്തി നില്‍ക്കുന്നത്? കണ്ടിട്ട് നല്ല പരിചയം തോന്നുന്നു. എന്തായാലും ക്യാമറ ഉപയോഗിക്കാനറിയുന്ന ആളല്ല!

പോസ്റ്റ് കൊള്ളാം.

Ford France said...

very good thought..

Essay | Coursework | Assignment

jyothi said...

മാമല്ലപുരത്ത്പല്ലവരുടെ കാലത്തും ഇത്തരം സുശീലാമ്മമാർ ഉണ്ടായിരുന്നിരിയ്ക്കാം. വയിച്ചു, ഇഷ്ടപ്പെട്ടു, അഭിനന്ദനങ്ങൾ!


നീയുള്ളപ്പോള്‍.....