പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Friday, February 26, 2010

മനുഷ്യനാദ്യം പിറന്ന വീട്അകന്നിരിക്കാന്‍ തോന്നിയപ്പോഴാണ് മുരളി തിരുനെല്ലിയിലേക്ക് വഴി കാട്ടിയത്.പാപനാശിനിയും പക്ഷിപാതാളം ഉള്‍ക്കൊള്ളുന്ന മലയും കാടും അതിരിടുന്ന കൃഷിയിടത്തില്‍ ധ്യാനത്തിലമരാന്‍ മുരളി മുംബൈയില്‍ നിന്നും പറന്നുവരുന്ന സ്ഥലം.ഒന്നിലേക്ക് ചാഞ്ഞ് ആഴത്തില്‍ ആവേശിക്കുന്നൊരു ബുദ്ധന്‍ എല്ലാവരിലും ഉറഞ്ഞിരിപ്പുണ്ടെന്നും അതിന് ഉരുത്തിരിയാന്‍ സ്വസ്ഥത നിറഞ്ഞൊരു സ്ഥലം വേണമെന്നുള്ള തിരിച്ചറിവില്‍ ആയിരിക്കണം മുരളി തിരുനെല്ലിയില്‍ ഇടം തേടിയതും സ്വന്തമാക്കിയതും.ഞങ്ങളുടെ സുഹൃത്തും പ്രശസ്ത വാസ്തുവിദഗ്ദനുമായ ശ്രീനിയാണ് കുന്നിന്മുകളില്‍ പ്രകൃതിയോട് ചേര്‍ന്നു നില്‍ക്കുന്ന വീടിന്റെ ശില്പി.എട്ടുദിക്കിലേക്കും തുറന്നു വെക്കാവുന്ന  മനോഹരമായ വീട്.

ഇവിടേക്ക് പോരുമ്പോള്‍ ഒറ്റക്കാര്യം മാത്രം മുരളി   ആവശ്യപ്പെട്ടു.രാജവെമ്പാലയടക്കം പലതരം പാമ്പുകള്‍,ഇഴവര്‍ഗ്ഗങ്ങള്‍ തോട്ടത്തില്‍ ഉണ്ട്.ഒന്നിനെയും ഉപദ്രവിക്കരുത്. പാമ്പ് കടിച്ചെന്നിരിക്കട്ടെ നീ അത് കൈക്കൊള്ളുക,അഹിംസയെ ആവാഹിക്കുന്ന ബുദ്ധപ്രതിമ പോലെ.ആ നില്പിലെ ധ്യാനാത്മകതയും പിന്നീടുള്ള മരണവും നിന്നെ ബുദ്ധനെപ്പോലെ ഉയര്‍ത്തും.
ഈ പറച്ചില്‍ കേട്ടതിനുശേഷം ഞാന്‍ പാമ്പിനെ ഭയം കലര്‍ന്ന ജിഞ്ജാസയോടെ അന്വേഷിക്കാനും തുടങ്ങി.തൃശൂരില്‍ പെരിങ്ങാവിലെ വീട്ടിന്‍പുറത്തെ തൊരപ്പന്‍ തുരന്ന മാളങ്ങളിലെല്ലാം ശ്രദ്ധയോടെ  നിരീക്ഷിക്കാനും തുടങ്ങി.രാത്രി ടെറസിലേക്ക് കാറ്റു കൊള്ളാന്‍ പോകണമെങ്കില്‍ നാലു കട്ടയുടെ മുത്തന്‍ ടോര്‍ച്ച് വേണമെന്നായി.

പാമ്പിന്‍ പേടിയോ അതിനെ നിരീക്ഷിക്കാനുള്ള കൌതുകമോ എന്തൊ
ജിജ്ഞാസ എന്നില്‍ വളരുന്നതും ഫണം വിടര്‍ത്തുന്നതും ഞാനറിഞ്ഞു.
കുട്ടിക്കാലത്ത് പാമ്പിന്‍ കാവെന്നുപേരുള്ള കാട്ടില്‍ കയറാനും കളിക്കാനും പേടിയൊന്നുമില്ലായിരുന്നു.അവിടെ പോകരുതെന്ന് ആരും വിലക്കിയതുമില്ല.അവിടെ വെച്ച് പച്ചക്കുതിര എന്ന കുട്ടികള്‍ക്കുവേണ്ടിയുള്ള സിനിമയുടെ ചില ഭാഗങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തു.അന്നൊന്നും പാമ്പിന്‍ പേടി ഒന്നു തൊട്ടുകൂട്ടാന്‍ പോലും ഉണ്ടായിരുന്നില്ല.ഇപ്പോള്‍ അവിടെ പാമ്പിന്‍ കാവ്   ഭക്തിയുടെ ഭാഗമായി ഉണ്ടാക്കി,ആളുകളെ പേടിപ്പിക്കാന്‍.

പല കാരണങ്ങളാല്‍ തിരുനെല്ലി യാത്ര നീണ്ടു പോയി.
മുരളി മുംബയില്‍ നിന്നും കോഴിക്കോട് വിമാനമിറങ്ങി എന്നെയും കൂട്ടി വയനാട്ടിലേക്ക് പോകാമെന്നായിരുന്നു പദ്ധതി.മുരളി പക്ഷെ നെടുമ്പാശ്ശേരിയില്‍ വന്നിറങ്ങി നേരെ വലപ്പാട് പോയി അവിടെ വീട്ടില്‍ ഏകാന്ത ബുദ്ധനായി തിരിച്ചു പോയി. തിരുനെല്ലിയും അവിടുത്തെ രാജവെമ്പാലയും അകന്നുതന്നെ നിന്നു.ഒരു ദിവസം മുരളി വിളിച്ചപ്പോള്‍ പാമ്പിനെ സ്വപ്നം കണ്ടതായി ഞാന്‍ പറഞ്ഞു. മറുപടി ഏതാണ്ടിങ്ങനെയായിരുന്നു.
നിനക്ക് തിരുനെല്ലിയില്‍ പോകാന്‍ സമയമായി.എല്ലാം കെട്ടിയെടുക്കുക.ഞാന്‍ വരുന്നില്ല,നീ താമസിക്കുന്നിടം കാലം ആരും അവിടെ വരികയുമില്ല.നിന്റെ ഇരിപ്പാണു പ്രധാനം.സാഹചര്യങ്ങളെ സ്വയം കൈകാര്യം ചെയ്യുക. വീടിന്റെ വടക്കെ വാതില്‍   തുറന്നു കിടപ്പുണ്ടാകും.

ഹിമാലയത്തിലെ ഒരു സന്യാസി മുരളിയോട് പറഞ്ഞ കാര്യം വീണ്ടും ഓര്‍മ്മിച്ചു.
പുലര്‍ന്നാല്‍ എല്ലാ പാമ്പുകളും ആദ്യം ചെയ്യുക,സൂര്യനു നേരെ നിന്ന് പ്രാര്‍ത്ഥനയാണ്.

  മനുഷ്യന്റേയും മുന്നില്‍ ചെന്നു പെടരുതേ എന്ന്.
രാത്രിയിലെ യാത്രക്ക് ഇറങ്ങി.തൃശൂര്‍
ബസ് സ്റ്റാന്റില്‍ ചെല്ലുമ്പോള്‍ കര്‍ണ്ണാടകയുടെ ആധുനിക ബസ്.ഇവിടെനിന്ന് തന്നെ തണുപ്പ് അനുഭവിച്ചുതുടങ്ങാം എന്നൊരു മട്ടില്‍.. കല്പറ്റയില്‍ ഇറങ്ങിയപ്പോള്‍ രാവിലെ 3 മണി.തണുത്തു വിറക്കുന്ന   ചായക്കട മാത്രമുണ്ട്.ചായക്കടയുടെ ചുറ്റും കൂടിയവര്‍ക്കും അതേ തണുപ്പ്.  പെട്ടെന്ന് തന്നെ മാനന്തവാടി ബസ് വരുന്നു.മാനന്തവാടിയില്‍ കുറച്ചുപേരുണ്ട്.അവിടെയും തട്ടുകടയെ പൊതിഞ്ഞ് തണുപ്പന്മാര്‍. ..
.
 മലയെ ചുറ്റി,കാടിനെ ചുറ്റി ബസിറങ്ങുമ്പോള്‍ തണുപ്പിലും കോടയിലും പുതച്ച് തിരുനെല്ലി.
തണുപ്പ് എന്നും ഒരു കവചമായിരുന്നു,പുതിയൊരു ലോകത്തിന്റെ സുരക്ഷിതത്വവും ലഹരിയും.
അമ്പലത്തില്‍ നിന്നുള്ള പാട്ടുകള്‍ മഞ്ഞില്‍ പുതഞ്ഞ് പുറത്തേക്ക് കടക്കാന്‍ പറ്റാതെ.മുരളിയുടെ വീടിനിരുവശവും പ്രശസ്തരാണ്.എഴുത്തിലെ പി.വത്സലയും കൃഷിയിലെ സുകുമാരനുണ്ണിയും.
വടക്കെ വാതില്‍ തുറന്നിട്ടില്ല.ദിക്കറിയാത്തതിനാല്‍ ചുറ്റും നടന്ന് എല്ലാ വാതിലും മുട്ടി.
കണ്ടറിഞ്ഞ് സുകുമാരനുണ്ണി തക്കോല്‍ കൈയില്‍ വീശി മുറ്റത്തെത്തി.
സുകുമാരനുണ്ണിയുടെ വിളിക്ക് മുരളിയുടെ കെയര്‍ടേക്കറും മറ്റെല്ലാമായ ബാലന്‍ വിളിപ്പാടകലെയുള്ള ഊരില്‍ നിന്നും തലയുയര്‍ത്തി നോക്കി,പൊന്തക്കാട്ടില്‍ നിന്നും ഫണമുയര്‍ത്തി ചുറ്റുവട്ടത്തെ നിരീക്ഷിക്കുന്ന  രാജവെമ്പാലയെപ്പോലെ .വാതില്‍ തുറന്നു തന്ന ബാലന്‍ ഞാന്‍ നോക്കിനില്‍ക്കെ തന്നെ കുന്നിറങ്ങി പുഴയിറങ്ങി അപ്രത്യക്ഷനായി.എന്നെ കാല്പനികതയില്‍ മുക്കുന്നതായിരുന്നു ആ പോക്ക്.ഞാന്‍ വെറുതെ ഒന്ന് കൂക്കി വിളിച്ചു.ഉടന്‍ വന്നു ബാലന്റെ മറുവിളി.കാട്ടില്‍ എപ്പോഴും നല്ല റേഞ്ച്. എല്ലാ ശബ്ദങ്ങളേയും ഇരട്ടിയായി പ്രതിദ്ധ്വനിപ്പിക്കുന്ന പക്ഷി പാതാളം ഞങ്ങളുടെ ശബ്ദങ്ങളെയും സ്വീകരിച്ചു.
സ്ഥലകാല ബോധത്തില്‍ ഞാനൊന്നു ഞെട്ടി. നില്‍ക്കുന്നത് പുല്ലും ചവറും നിറഞ്ഞ ചതുപ്പില്‍................. .രാജവെമ്പാലയുടെ ആവാസവ്യവസ്ഥയില്‍ !
മുറിയിലേക്ക് തിടുക്കത്തില്‍ കയറി.

ഇളം വെയിലിലും പോക്കുവെയിലിലും ആണ് പാമ്പുകള്‍ മാളം വിട്ട് ചൂടു കൊള്ളാനിറങ്ങുക.മുറിയില്‍ തണുപ്പ് നിറഞ്ഞു,ബാലന്‍ തുറന്നിട്ട ജാലകങ്ങളിലൂടെ.ജനവതിലിലൂടെ തണുപ്പ് നിയന്ത്രിക്കാവുന്നതാണ് വീടിന്റെ വാസ്തുവിദ്യ.ശ്രീനിയുടെ മറ്റൊരു പരീക്ഷണം.പൊതുവേ വൃത്തിയില്‍ സൂക്ഷിക്കപ്പെട്ട പുറത്തെ സ്ഥലം കണ്ടപ്പോള്‍ തോന്നി,പാമ്പിനെ പേടിക്കേണ്ടതില്ല. വൃത്തിയാക്കിയിട്ട വഴികള്‍ .പൊന്തക്കാടുകള്‍ ഇല്ലെന്നു തന്നെ പറയാം.ആകെ സൌന്ദര്യം മുറ്റി നില്‍ക്കുന്നൊരിടം.പല തരം മുളകളും മരങ്ങളും നിറഞ്ഞു നില്‍ക്കുന്നു.മുറ്റത്താണെങ്കില്‍ നാട്ടുപൂക്കളുടെ സുഗന്ധവര്‍ഷം.

പുതിയ സ്ഥലങ്ങളിലെ പ്രഭാത സവാരി ത്രില്‍ ആണ്.പുതിയ ഭൂപ്രകൃതി,മനുഷ്യപ്രകൃതികള്‍. .എവിടെയുമെന്ന പോലെ ഓരോ ചായക്കടകളും അറിവുകളുടെയും ഭാവനകളുടേയും ഉറവിടങ്ങളാണ് ഇവിടെയും.ആദിവാസികളും കഥാകഥനത്തില്‍ പിറകിലല്ല.
ജനുവരി ഫിബ്രവരി മാസങ്ങള്‍ പാമ്പുകള്‍ ഇണചേരുന്ന മാസങ്ങളാണെന്നും ഈ സമയങ്ങളില്‍ അവര്‍ക്ക് കണ്ണും മൂക്കുമൊന്നുമില്ലെന്നും ഊരിലെ പ്രധാനിയായ തേന്‍ മാധവന്‍ പറഞ്ഞു.സദാചാരികളായ മനുഷ്യര്‍ എന്നാണാവോ പാമ്പുകളെ കണ്ടു പഠിക്കുക.ഒരു ദിവസം മാധവന്‍ വീട്ടിലേക്ക് പോകുമ്പോള്‍ ഒരു വശത്ത് മൂര്‍ക്കന്മാരും മറുവശത്ത് ചേരയും പിന്നെ മറ്റൊരിടത്ത് വേറെ ഏതോ പാമ്പുകളും ഇണചേര്‍ന്നു കിടക്കുന്നത് കണ്ടുവത്രെ.അയാള്‍ കഥ തുടരുകയാണ്.ഞാനാണ് അയാളുടെ പുതിയ ശ്രോതാവ്.

പിന്നെ ആനകള്‍. .ഇല്ലിക്കാടുകളുടേ അടുത്ത്   പോകരുതെന്നും ഏതു നിമിഷവും ആനകള്‍ കണ്മുന്നിലേക്ക് വരാമെന്നും മധവന്‍ എന്നെ പേടിപ്പിച്ചു.പുറമെ നിന്ന് ആരും വന്നാലും ഇവരുടെ പണി ഇതാണത്രെ.പാമ്പും ആനയും സമാസമം ചേര്‍ത്ത കഥകള്‍ പറഞ്ഞ് പേടിപ്പിക്കുക.ആദിമനിവാസികളെ കാട്ടില്‍ നിന്നും ആട്ടിയിറക്കിയ ആധുനികമനുഷ്യര്‍ തന്നെ അവരെക്കോണ്ട് കയ്യേറ്റം നടത്തിക്കുന്നതുമായ കഥകളുടെ കൌതുകങ്ങളും അവിടെ നിന്നും കേട്ടു.
അമ്പലത്തിന് താഴ്വാരത്തെ മാതൃഭൂമിയുടെ ബുക്ക്സ്റ്റാളില്‍ ഇവയൊന്നും പ്രതിപാദിക്കുന്ന എഴുത്തൊന്നുമില്ല. വായ്മൊഴിയില്‍ ആരംഭിക്കുന്നു അതില്‍ തന്നെ അവസാനിക്കുന്നു ഇക്കഥകളെല്ലാം.   ഓ.കെ.ജോണിയുടെ ‘വയനാടന്‍ രേഖകളും‘ ‘കൊടുമുടികളെയും താഴ്വരകളെയും സ്വീ‍കരിക്കുക‘ എന്ന ഓഷൊ ബുക്കും താല്പര്യപ്പെട്ടു.ഓഷോയുടെ ഇരുപതിലധികം ടൈറ്റിലുകളാണ് ഈ കാട്ടുമുക്കില്‍ കണ്ടത് .
തിരുനെല്ലിക്കഥകളില്‍ ഭയപ്പെട്ട ശോഭ കല്‍ക്കത്തയില്‍ നിന്നും വിളിക്കുമ്പോഴൊക്കെ വീട്ടില്‍ നിന്നും പുറത്തിറങ്ങരുതെന്ന് പറഞ്ഞുകൊണ്ടിരിക്കും,ഇനി മലയിലേക്ക് പോകരുതെന്നും.പാമ്പിനെപ്പിടിക്കാനും തിന്നാനും(യുദ്ധസമാന ഘട്ടങ്ങളില്‍ മെനു കാര്‍ഡ് നോക്കി ഓര്‍ഡര്‍ സാദ്ധ്യമല്ലാത്തതിനാല്‍) )പരിശീലനം നേടിയിട്ടുള്ള ആര്‍മി കേണല്‍ ആണവര്‍.
വീട്ടില്‍ നിന്നറങ്ങിയാല്‍ ആദ്യം ചെയ്യുക അപ്പുറത്തെയും ഇപ്പുറത്തേയും വീട്ടിലേക്ക് നോക്കുക എന്നുള്ളതാണ്.സുകുമാരനുണ്ണിയും വത്സലട്ടീച്ചറും അവിടെയുണ്ടൊ എന്നൊരു അന്വേഷണം.( ടീച്ചറെ പുറത്തു കാണാറില്ല,അവര്‍ എഴുത്തിലായിരിക്കും.കുരുമുളക് പറിക്കാനും എഴുത്തിനുമാണവര്‍ അങ്ങോട്ടൂ വരിക.അയ്പ്പുട്ടിമാഷെ എപ്പോഴും കാണും). മനുഷ്യരെ കാണണമല്ലോ,പാമ്പുകളല്ലല്ലോ നമ്മള്‍. .തോട്ടത്തിലൂടെ നടന്ന് പുഴവക്കില്‍ പോകുക ദിനചര്യയാക്കി.പുഴവക്കത്തെ പൂര്‍ത്തിയാവാത്ത വീട്ടില്‍ കുറച്ചിരുന്ന ശേഷം പുഴയിലേക്കിറങ്ങും.അവിടെയിരുന്നാല്‍ ബാലന്റെ വീടും ഊരും കാണാം.പക്ഷി പാതാളത്തിലേക്കുള്ള മലകളും കാണാം.അവിടെ നിന്നും കയറി മറ്റൊരു വഴി ചവിട്ടിയാല്‍ രാജവെമ്പാലയുടെ സാമ്രാജ്യമാണ്.പല ദിവസം പോയിട്ടും ഒരനക്കവും കേട്ടില്ല.കരിയിലകളില്‍ പാമ്പുകള്‍ ഇഴയുമ്പോള്‍ ഉയരുന്ന ശബ്ദം, മുളകള്‍ കാറ്റില്‍ മുള്ളുകളില്‍ നിന്നും അടരുന്നതിന്റെ ശബ്ദസൌകുമാര്യതക്ക് തുല്യമാണ്.ചെറിയ ചങ്കിടിപ്പോടെയാണ് അതിലേയുള്ള പോക്ക്.പാമ്പിന്റെ ഉറകള്‍ സുലഭമായി കാണാം.അത് പാമ്പിനെ കാണാനും ഭയപ്പെടാനുമുള്ള സാധ്യതയാണ്.

ചായപ്പീടികയിലെ കഥകളില്‍ നിറയുന്ന പാമ്പുകളെപ്പറ്റി കേട്ടാല്‍ ദിവസവും ഒന്നു രണ്ടെണ്ണമെങ്കിലും കാലില്‍ ചുറ്റിപ്പിണയേണ്ടതാണ്.
പോരുന്നതിന്റെ തലേ ദിവസം ഞാന്‍ ഓര്‍ത്തത് ഇവിടെ പാമ്പുമില്ല ചേമ്പുമില്ല എന്ന കാര്യമാണ്.ഉണ്ടെങ്കില്‍ തന്നെ അവ സ്വന്തം ദിനചര്യകളില്‍ മുഴുകിക്കഴിയുകയായിരിക്കും.പതിനാലു ദിവസങ്ങള്‍ കാട്ടില്‍ ചുറ്റിത്തിരിഞ്ഞിട്ടും  നീര്‍ക്കോലിയെപ്പോലും കണ്ടില്ല.
പോലീസ് സ്റ്റേഷനടുത്തുനിന്നും മുന്നൂറു മീറ്റര്‍ ഇല്ലിക്കാടുകള്‍ കടന്നുവേണം സ:വര്‍ഗ്ഗീസ് രക്തസാക്ഷിത്തറയിലെത്താന്‍. ...... .രക്തസാക്ഷിദിനത്തില്‍ കൊടിയുയര്‍ത്തി ഇങ്ക്വിലാബ് വിളിക്കാനെത്തിയ സഖാക്കള്‍ സൂര്യന്‍ ഭൂമിയിലേക്ക് വീഴുന്നതുവരെ റോഡില്‍ കാത്തിരുന്നു,ആനയെപ്പേടിച്ച്.

കാടിറങ്ങുന്നതിനുമുമ്പ് അടുത്തുള്ള സ്നേഹിതന്മാരെ വിളിച്ചു. നാട്ടില്‍ വന്നിട്ടുള്ള മലേഷ്യയിലെ യൂണിവേഴ്സിറ്റിയില്‍ പഠിപ്പിക്കുന്ന നുഅയ്മാനെയും കാട്ടിക്കുളത്തെ സ്കൂള്‍ അദ്ധ്യാപകനായ ജയറാമിനെയും തിരുനെല്ലിയിലേക്ക് ക്ഷണിച്ചു.നുഅയ്മാന്‍ വഴിയില്‍ തടഞ്ഞു.ജയറാം വന്നു.രാത്രി അവന് കിടക്കാന്‍ ജനല്‍ തുറന്ന് മുറിയെ ഫ്രഷ് അപ് ചെയ്യുന്നതിനിടയില്‍ പുറത്തെ ഈറ്റകൊണ്ടുണ്ടാക്കിയ തട്ടിക മാറ്റുന്നതിനിടയില്‍ അതില്‍ നിന്നും പാമ്പ് എന്റെ ശരീരത്തില്‍ തട്ടി നിലത്ത് വീണു.ശരീരത്തില്‍ തൊട്ടപ്പോള്‍  തണുപ്പിന്റെയും പേടിയുടെതുമായ ഇക്കിളി തോന്നി.പാമ്പ് അനങ്ങാതെ അവിടെത്തന്നെ കിടന്നു,ഇന്നാരെയും വിഷമേല്പിക്കില്ലെന്ന ഭാവത്തില്‍.അകത്ത് കയറി വാതില്‍ അടക്കുമ്പോഴും ഒരു വിറയല്‍ മാത്രം അനുഭവിച്ചു.(പെട്ടെന്ന് നീങ്ങാന്‍ കഴിയാത്ത,കടിക്കണമെന്ന് ആഗ്രഹമുള്ളവര്‍ കാലോ കയ്യോ അടുത്തു വെച്ചുതരികയാണെങ്കില്‍ കടിക്കാം എന്ന ചിന്താഗതിയുള്ള ചുരുട്ടിയോ ചേനത്തണ്ടനോ ആയിരിക്കാമെന്ന് പാമ്പിനെക്കുറിച്ച് അവഗാഹം നടിക്കുന്ന ഉണ്ണി പറഞ്ഞു)ജയറാമിനോട് ഇക്കാര്യം പറഞ്ഞില്ല.
പിറ്റെ ദിവസം കുറുവാ ദ്വീപില്‍ ചുറ്റി.പഴശ്ശി സ്മാരകം കണ്ടു.മാനന്തവാടിയില്‍ നുഅയ്മാനെ കണ്ടു.കാട്ടിക്കുളത്ത് തിരുനെല്ലിയിലേക്കുള്ള അവസാനത്തെ വണ്ടി കാത്ത് ഒരു മണിക്കൂര്‍ നിന്നു.സുഹൃത്തുക്കളെ വിളിച്ച് യാത്രാവിവരണം ചെയ്തു. വിപ്ലവം നടന്ന നേപ്പാളില്‍ നിന്നുള്ള ബാലന്മാര്‍ ഉത്സാഹത്തോടെ ഹോട്ടലില്‍ ജോലി ചെയ്യുന്നതും കുറച്ചുനേരം നോക്കി നിന്നു.അവസാനവണ്ടിയായ ഷാജിയില്‍ മടങ്ങുമ്പോള്‍ മുള വീണ് റോഡ് തടസ്സപ്പെട്ടുകിടന്നിരുന്നു.(രക്തോട്ടം നിലച്ച നദികള്‍ ആനകളെ അസ്വസ്ഥരാക്കുന്നുണ്ടെന്ന് ഫോറസ്റ്റുകാര്‍ പറയുന്നു.കര്‍ണ്ണാടകയില്‍ നിന്നും ആനക്കൂട്ടങ്ങള്‍ വെള്ളം തേടി തിരുനെല്ലിയിലെത്തുന്നു). ഭയം അടക്കിപ്പിടിച്ച സംസാരങ്ങളില്‍ നിന്നും ആനയിറങ്ങിയതാണെന്നു മനസ്സിലായി.ക്ലീനറുടെയും സാഹസികതയില്‍ താല്പര്യമുള്ള ആളുകളുടെയും മുന്‍കൈയ്യില്‍ മുളവെട്ടി മാറ്റുന്നതിനിടയില്‍ അകലെ മറ്റൊരു ഇല്ലിക്കാടിന് സമീപം ആനക്കൂട്ടത്തെ കണ്ടു,ബസ് ലൈറ്റില്‍. ഇരുകാലികള്‍ ചെയ്യുന്നതൊന്നും തങ്ങളെ ബാധിക്കുന്നതല്ല എന്ന മട്ടില്‍ ഇല്ലിപ്പടര്‍പ്പിന്റെ പച്ചയിലേക്ക് കൊതിയോടെ തുമ്പിക്കൈ നീട്ടുകയായിരുന്നു ആനക്കൂട്ടം.

കാടിനെക്കുറിച്ചുള്ള ഭയാ‍ശങ്കകള്‍ക്ക് തീരെ അടിസ്ഥാനമില്ലെന്ന് മനസ്സിലായി.കാട്ടില്‍ നമ്മള്‍ അഥിതികളാണ് .അവിടുത്തെ നിയമങ്ങള്‍ ആതിഥിയുടെ മാന്യതയോടെ പാലിക്കുക നമ്മുടെ ധര്‍മ്മം.മനുഷ്യനാദ്യം പിറന്ന വീടിനോട് പിറ്റെ ദിവസം യാത്ര പറഞ്ഞു. 

9 comments:

മണിലാല്‍ said...

തിരുനെല്ലിക്കഥകളില്‍ ഭയപ്പെട്ട ശോഭ കല്‍ക്കത്തയില്‍ നിന്നും വിളിക്കുമ്പോഴൊക്കെ വീട്ടില്‍ നിന്നും പുറത്തിറങ്ങരുതെന്ന് പറഞ്ഞുകൊണ്ടിരിക്കും,ഇനി മലയിലേക്ക് പോകരുതെന്നും.പാമ്പിനെപ്പിടിക്കാനും തിന്നാനും(യുദ്ധസമാന ഘട്ടങ്ങളില്‍ മെനു കാര്‍ഡ് നോക്കി ഓര്‍ഡര്‍ സാദ്ധ്യമല്ലാത്തതിനാല്‍)പരിശീലനം നേടിയിട്ടുള്ള ആര്‍മി ഓഫീസറാണവര്‍.

മണിലാല്‍ said...

പുലര്‍ന്നാല്‍ എല്ലാ പാമ്പുകളും ആദ്യം ചെയ്യുക,സൂര്യനു നേരെ നിന്ന് പ്രാര്‍ത്ഥനയാണ്.


ഒരു മനുഷ്യന്റേയും മുന്നില്‍ ചെന്നു പെടരുതേ എന്ന്.

പാവപ്പെട്ടവൻ said...

ജനുവരി ഫിബ്രവരി മാസങ്ങള്‍ പാമ്പുകള്‍ ഇണചേരുന്ന മാസങ്ങളാണെന്നും
എനിക്ക് ഇതൊരു പുതിയ അറിവാണ്
വായനക്ക് ഒരു സുഖം നല്‍കുന്നുണ്ട് പക്ഷെ പ്രതീക്ഷിച്ചപോലെ ഒന്നും ഉണ്ടായില്ല

ജെ പി വെട്ടിയാട്ടില്‍ said...

യാത്രാവിശേഷം അവിടെയും ഇവിടെയുമായി ചിലയിടങ്ങളിലെല്ലാം വായിച്ചു. മാനന്തവാടിയും കല്പറ്റയുമെല്ലാം വരികളില്‍ കണ്ടു. ഞാന്‍ അവിടെയൊന്നും പോയിട്ടില്ല.
പിന്നെ ഒരു പുതിയ സ്റ്റൈല്‍ ടെപ്ലേറ്റ് ആണല്ലോ?
ബ്ലോഗ് സ്പോട്ടില്‍ തന്നെയുള്ളതോ, സ്വന്തമായി ഡിസൈന്‍ ചെയ്തതോ എന്നറിയാന്‍ താലപര്യമുണ്ട്.
സസ്നേഹം
ഉണ്ണിയേട്ടന്‍ @ തൃശ്ശൂര്‍

സ്മിത മീനാക്ഷി said...

ഇനി തിരുനെല്ലിയിലേയ്ക്കു പോകുമ്പോള്‍ പറയൂ, കൂടെ ഞാനും വരാം.

Muralee Mukundan , ബിലാത്തിപട്ടണം said...

കാടിനെക്കുറിച്ചുള്ള ഭയാ‍ശങ്കകള്‍ക്ക് തീരെ അടിസ്ഥാനമില്ലെന്ന് മനസ്സിലായി.കാട്ടില്‍ നമ്മള്‍ അഥിതികളാണ് .അവിടുത്തെ നിയമങ്ങള്‍ ആതിഥിയുടെ മാന്യതയോടെ പാലിക്കുക നമ്മുടെ ധര്‍മ്മം

Unknown said...

nalla ezhuthu thirunelliyil poyavarkku avide veendum poya oru pratheethi

thajudeen

Harshan said...

Nannayittundu Mani

flowers to india said...

We can deliver flowers,cakes,chocolates and gift items to over
32 countries worldwide on the same day. Our wide network of florists,
quality assurance and timely delivery ensure that our
customers are satisfied. Having serviced over a million customers worldwide,
our company gives a customer the power to express their emotions through flowers.

Flowers to India
Florists India
Send gifts
Flowers to India
India Florist
Florist India
Florist India
Gifts to India
Flowers to India
Send Flowers india Online
Send Cakes India


നീയുള്ളപ്പോള്‍.....