പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Wednesday, March 13, 2013

മിന്നാ ഫ്രൈ മഹാളിയെ പ്രണയിക്കുമ്പോള്‍





മിന്നാ ഫ്രൈ മഹാളിയെ പ്രണയിക്കുമ്പോള്‍

പാഴ്പ്രണയത്തിന്റെ താജ് മഹല്‍ എന്ന് കേരളീയ വാസ്തുവിദ്യയുടെ പതിനാറുകെട്ട് എന്ന  ഈ അത്ഭുതത്തെ പേരിട്ടവതരിപ്പിച്ചേക്കാം ചരിത്രകാരന്മാര്‍ വരും കാലങ്ങളില്‍.(വര്‍ത്തമാനത്തില്‍ മണ്ണിട്ടു മൂടുകയും പിന്നീട് വന്‍ സന്നാഹത്തോടെ കുഴിച്ചെടുക്കുകയും ചെയ്യുന്ന പണച്ചിലവുള്ള  പണിയാണല്ലൊ ചരിത്രം)ദേശാന്തരങ്ങളില്‍ മദിച്ചുമറിയേണ്ട ഒരു പ്രണയത്തെ ഞെക്കിക്കൊന്നതിന്റെ നിശബ്ദമായ വികാരങ്ങള്‍ ഈ പണ്ടാറക്കെട്ടിന്റെ കനംതൂങ്ങിയ ഓരോ മുറിയും മച്ചും മൂലയും ഒളിപ്പിച്ചു വെക്കുന്നതു പോലെ സന്ദര്‍ശകര്‍ക്കു തോന്നുന്നുവെങ്കില്‍..............ഈ കഥ കേട്ടിട്ടുണ്ടായിരിക്കണം.


ന്ത്യക്കാരെ ബ്രിട്ടിഷ് ബിസ്കറ്റ് രുചിപ്പിക്കുവാനാണ് ജോസഫ് ഫ്രൈ എന്ന ബ്രിട്ടിഷുകാരന്‍ ഇന്ത്യയിലെത്തുന്നത്.ചായക്കൊപ്പം ബിസ്കറ്റൊ മറ്റെന്തിങ്കിലുമോ കടിക്കുന്ന മദിരാശി പട്ടണമാണ് സ്വാഭാവികമായും അവര്‍ ബിസിനെസ്സിന് തെരഞ്ഞെടുത്തത്.ബിസ്കറ്റ് തീറ്റ മൂലം മദിരാശി പട്ടണം പോഷക സമൃദ്ധമായില്ലെങ്കിലും ഗ്രഹണിയും തൂറലും മറ്റുമായി വഴിവക്കുകള്‍ ആങ്ങിനെയായി.ഫ്രൈ കുടുംബം ഇതില്‍ നിന്നും പോഷകം വലിച്ചെടുത്ത് വടവൃക്ഷം പോലെ സമ്പന്നരായി.പോഷക സമൃദ്ധമായ ഇന്ത്യനവസ്ഥയില്‍ ആകൃഷ്ടരായ ഫ്രൈ കുടുംബം വീടുവെക്കാന്‍ സ്ഥലം തേടിയാണ് നെല്ലിയാമ്പതിയില്‍ എത്തുന്നത്.


പാലക്കാട്ടുകാര്‍ക്കു പോലും ഓണം കേറാമൂലയായിരുന്നു അന്ന് നെല്ലിയാമ്പതി.ആനകളടക്കം കാട്ടു മൃഗങ്ങള്‍ വനപാലകരുടെ ശല്യമില്ലാതെ കഴിഞ്ഞിരുന്ന കാലം. കുടിയേറ്റക്കാര്‍ കണ്ടതൊക്കെ കൈക്കലാക്കിയിരുന്നതും ഇക്കാലത്താണ്.കാട്ടുമൃഗങ്ങള്‍ക്കും കാടുകൈയ്യേറ്റക്കാരുക്കും ഇടയില്‍ ഞെരുങ്ങി ആദിമനിവാസികളും ഉണ്ടായിരുന്നു.  കാടിറക്കി നല്ല വസ്ത്രങ്ങളും ഭഷണവും ശീലിപ്പിച്ചാണ് ജനാധിപത്യ സര്‍ക്കാര്‍ അവരെ പെരുവഴിയിലാക്കിയത് പിന്നീടാണ്.നെല്ലിയാമ്പതിയില്‍ അനുയോജ്യമായ സ്ഥലം കണ്ടെത്തിയ സായ്പ് കേരള വാസ്തുവിദ്യയില്‍ തടഞ്ഞ് വീണതിന്റെ പരിണതഫലമായി “നാലെ ഇന്റു നാല് “എന്ന കണക്ക് പ്രകാരം  പതിനാറുകെട്ട് വിലക്കു വാങ്ങാന്‍ കോട്ടയത്തെ പള്ളം രാജകുടുംബാംഗങ്ങളെ സമീപിക്കുന്നത്.


കെട്ടുകളൊക്കെ വിട്ട് പുറത്തിറങ്ങി മനുഷ്യരെപ്പോലെ ജീവിക്കാന്‍ തുടങ്ങണമെന്ന് കെട്ടുകളില്‍ താമസിക്കുന്ന ഇരുളന്മാര്‍ ആലോചിച്ചു തുടങ്ങിയ കാലമായിരുന്നു അത്. അവര്‍ ഇതു തന്നെ താപ്പ് എന്ന് കരുതി സായ്പിനെ മേല്‍ പതിനാറുകെട്ട് കെട്ടിവെക്കുന്നു.(കുറെ നാള്‍ നമ്മെ ഇരുട്ടിലാക്കിയവരല്ലെ,തിരിച്ചു കൊടുക്കാനുള്ള നല്ല അവസരം എന്നു കരുതിയിട്ടുണ്ടാവണം  കഴുക്കോല്‍ ഊരി നിത്യച്ചെലവിന് വഴി കണ്ടെത്തിക്കൊണ്ടിരുന്ന ഈ രാജകുടുംബം.)


പതിനാറുകെട്ട് സ്വന്തമായിക്കിട്ടിയ സായ്പ് അതെല്ലാം പോളിച്ചെടുത്ത് നൂറുകണക്കിന് ലോറിയിലും ട്രക്കിലുമായി നെല്ലിയാമ്പതി മല കയറുന്നു.അവിടെ പതിനാറുകെട്ട് പുനസ്ഥാപിക്കുന്നു.ജീവിതം ആരംഭിക്കുന്നു.ഒരു സസ്യഗവേഷണ സ്ഥാപനവും ഒരുക്കുന്നു.കാടിനോടുള്ള സ്നേഹം കൂടുകയും മനുഷ്യരോടുള്ളത് കുറയുകയും ചെയ്തപ്പോള്‍ സ്വാഭാവികമായും ബിസ്കറ്റ് കമ്പനി പൂട്ടേണ്ടി വന്നു,തമിഴന്മാര്‍ പഴയ സാക്രീന്‍ ബിസ്കറ്റിലേക്ക് തന്നെ തിരിച്ചു കടിച്ചു.


നവും വനഗവേഷണവുമായി ജീവിതം മുന്നേറുമ്പോഴാണ് മഹാളി എന്ന ഇരുകാലന്‍ വനജീവി ഫ്രൈ കുടുംബത്തില്‍ വന്നെത്തുന്നത്.ആരോഗ്യ ദൃഢഗാത്രനായ മഹാളി എന്ന ആദിമനിവാസിയെ ഫ്രൈ കുടുംബം സഹായത്തിനു നിയമിച്ചു.     വനനിഗൂഢതകളില്‍ സായ്പിനൊരു കൂട്ടും വേണമായിരുന്നു.സിനിമയിലൊക്കെ സംഭവിക്കുന്നതു പോലെ ഫ്രൈ കുടുബത്തിലെ കിച്ചണ്‍ വഴി ഒരു പ്രണയം പൂക്കാന്‍ തുടങ്ങി.ആറടി പൊക്കവും അതിനൊത്ത വീതിയുമുള്ള   കാടനായിരുന്നു മഹാളി.ഫ്രൈയുടെ മകള്‍ മിന്നാ ഫ്രൈക്ക് മഹാളി ഇഷ്ടപുരുഷനാവുന്നു.ചുറ്റാനൊരു മരമുള്ളപ്പോള്‍ എന്തിന് വള്ളി നിലത്തിഴയണം,അതും കൊടുംകാട്ടില്‍.മഹാളി എന്ന മഹാവൃക്ഷത്തില്‍ മിന്ന പടര്‍പ്പായി.മിന്നയുടെ തിരുവായ്ക്ക് മഹാളിക്ക് എതിര്‍വാ ഇല്ലായിരുന്നു.കാട്ടുഭാഷ വശമില്ലാത്ത ഒരു സാധാരണ സ്ത്രീ ആയിരുന്നു മിന്ന.യെസ് നോ എന്നു പറഞ്ഞൊഴിയാനറിയാത്ത മഹാളി മിന്നല്‍പ്രണയത്തില്‍ അടിയറവു പറഞ്ഞു,മനസ്സില്ലാ മനസ്സോടെ.ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം പോലെ അവര്‍ കാടായ കാടും മുച്ചൂടും അലഞ്ഞ് പ്രേമിച്ചു.കാട്ടുവള്ളികളില്‍ ആടിക്കളിച്ചു,ഫ്രൈ ബിസ്കറ്റുകള്‍ കൊറിച്ചു.കാട്ടുമക്കളെയും കള്ളവാറ്റുകാരെയും മാത്രം കണ്ടു പരിചയിച്ച കൊടും വനത്തിലെ മാന്‍ പേടകളും പന്നികളും ചെന്നായ്ക്കളും കാട്ടുപോത്തുമൊക്കെ വെട്ടിത്തിളങ്ങുന്ന മിന്നയെ കണ്ട് കണ്ണഞ്ചി. മിന്നയുടെ പശ്ചാത്തലത്തില്‍ മഹാളിയെ ഇതേതു ജന്തു എന്ന് കണ്ണിറുക്കുകയും ചെയ്തു.മനുഷ്യകുലമല്ലെങ്കിലും അവരും സായ്പിനെ കണ്ടപ്പോള്‍ കവാത്തു മറന്നു. മക്കളേക്കാളും ബിസ്കറ്റ് കമ്പനിയേക്കാളും കാടിനെ സ്നേഹിക്കുന്ന ഫാദര്‍ ഫ്രൈ ഈ ബന്ധത്തെ അംഗീകരിക്കുമെന്നായിരുന്നു മകള്‍ ഫ്രൈ വിചാരിച്ചത്.പക്ഷെ കാര്യങ്ങള്‍ ഓവര്‍ ഫ്രൈ ആയി.


രു ദിവസം രാവിലെ ഉണരുമ്പോള്‍ താന്‍ ഉറങ്ങുന്ന മുറിയൊഴിച്ച് വീടാകെ പൊളിച്ച് ലോറിയിലേക്കും ട്രക്കിലേക്കും കയറ്റുന്ന കാഴ്ചയാണ് മഹാളിയെ വിചാരിച്ച്  കോട്ടുവായിട്ടു പുറത്തു വന്ന മിന്ന കണ്ടത് .മിന്ന ഉണരുന്നതും നോക്കിയിരിക്കയായിരുന്നു,ബാക്കിയുള്ളതും പൊളിച്ച് ട്രക്കില്‍ കയറ്റാന്‍. മഹാളി എന്ന മാറാരോഗത്തെ പേടിച്ച് ജോസഫ് ഫ്രൈ കുടുംബം  കൊടൈക്കനാലിലേക്ക് താമസം മാറ്റുകയായിരുന്നു.വീടു വിട്ടല്ല,വീടിനെയും കൂ‍ട്ടി.നെല്ലിയില്‍ നിന്നും നൂറുകണക്കിന് ട്രക്കുകുള്‍ മലയിറങ്ങുകയും കൊടൈക്കനാല്‍ മല കയറുകയും ചെയ്തു.പതിനാറുകെട്ടിന് ഇരിക്കപ്പൊറുതിയില്ലാതെയായി,ഒരു പ്രണയത്തിന്റെ ചൂടുകൊണ്ട്.ചുട്ട കാട്ടുകിഴങ്ങ്   ട്രൈബല്‍ കാമുകന്റെ സാഹസത്തോടെ കടിച്ച് മോണ വെന്ത് നിറംകെട്ട പല്ലിനാല്‍ കണ്ണീരില്‍ കുതിര്‍ന്ന പുഞ്ചിരിയോടെ മഹാളി മലയിറങ്ങുന്ന മിന്നയെ നോക്കിനിന്നു.പുതിയ അന്തരീക്ഷത്തില്‍ മിന്ന മഹാളിയെ മറന്നു.മഹാളി കാട്ടുകിഴങ്ങും കടിച്ചും തേന്‍ കുടിച്ചും കാട്ടില്‍ അലഞ്ഞു,മിന്നയില്ലെങ്കിലും എന്തെങ്കിലും കടിക്കണമല്ലോ.


അച്ഛന്‍ ഫ്രൈ അധിക നാള്‍ കൊടൈക്കനാലിലെ കുളിരു കൊണ്ടില്ല.
ഹോദരന്‍ ഫ്രാന്‍സിസ് ഫ്രൈയുമൊന്നിച്ച്  മിന്ന കടല്‍ കടന്നു.കൊടൈക്കനാലില്‍ എട്ടു കെട്ട് അനാഥമായി.കൌതുകത്താല്‍ ആവേശം പൂണ്ട് ഞാനവിടെ പോയി.മനോഹമാണീ നാലുകെട്ട്.ഒരു കെയര്‍ ടേക്കറുടെ മേല്‍നോട്ടത്തില്‍ പൂര്‍വ്വാനുഭവങ്ങളുടെ ഭാരത്തോടെയും കരുത്തോടെയും  അതവിടെ നില്‍ക്കുന്നു.ഞാന്‍ കണ്ണടച്ച് നിന്ന് മിന്നയേയും മഹാളിയേയും ഓര്‍ത്തു.ജോസഫ് ഫ്രൈയുടെ കുഴിമാടം കണ്ടു.ഫ്രാന്‍സിസ് ഫ്രൈയുടെ ചില ചിത്രരചനകള്‍ കണ്ടു.


നെല്ലിയാമ്പതിയില്‍ നിന്നും കൊടൈക്കനാലില്‍ നിന്നും കേട്ടറിഞ്ഞ കഥക്ക് കെട്ടുകഥയുടെ ഛായ ഉണ്ടായിരിക്കാം.പക്ഷെ കൊടൈക്കനാലിലെ പതിനാറുകെട്ടില്‍ പൊടിപിടിച്ചു കിടന്ന, ആരോ മെഴുകിയ ഒരു പെയിന്റിംഗ്   മിന്നയുടെയും മഹാളിയുടെയും പ്രണയത്തിന് ആധികാരികത്വം നല്‍കുന്ന സൂചനയാണ്.ഒരു കറുത്ത പുരുഷനും ഒരു വെളുത്ത സ്ത്രീയും ഇതില്‍ ആലേഖനം ചെയ്തിരിക്കുന്നു.ഈ ചിത്രത്തില്‍ നിന്നാണോ കഥകളെല്ലാം പുറപ്പെട്ടത്.അല്ലെങ്കില്‍ കഥകളില്‍ നിന്നാണോ ഈ ചിത്രം രചിക്കപ്പെട്ടത്.ആര്‍ക്കറിയാം?ഫ്( ഈ ചിത്രം മിന്നാസഹോദരന്‍ ജോസഫ് ഫ്രൈ വരച്ചതാകാനും സാധ്യതയുണ്ട്.അയാള്‍ ലോകം അറിയുന്ന ചിത്രകാരനാണ്.)സൂചന കണ്ടു പഠിക്കേണ്ടവരാണ് കഥാകൃത്തുക്കള്‍.പഠിച്ചില്ലെങ്കില്‍ അവര്‍ വെറുമൊരു ജാഥത്തൊഴിലാളിയായി മാറും.
ക്കഥ കേട്ട കൌതുകത്തില്‍ ഞാന്‍ ഗൂഗിളില്‍ പോയി മിന്ന ഫ്രൈ എന്ന് ടൈപ്പ് ചെയ്തു.റിസല്‍ട്ട് അത്ഭുതപ്പെടുത്തുന്നതായിരുന്നു.മിന്ന ഫ്രൈ എന്ന പേരിനൊപ്പം ഒരുപാടു ലിങ്കൂകള്‍.അതൊക്കെ അവരുടെ ഉയര്‍ന്ന സാമൂഹ്യാവസ്ഥ വെളിവാക്കുന്നവയായിരുന്നു.(ഗൂഗിള്‍ പ്രകാരം ഫ്രാന്‍സിസ് ഫ്രൈയും പ്രശസ്തനായ ചിത്രകാരനാണ്)

ഇംഗ്ലണ്ടില്‍ വലിയൊരു കമ്പനിയുടെ തലപ്പത്ത് റിസഷന്‍ കാലത്തെ അസ്വസ്ഥതയോടെയിരിക്കുകയാണ് മിന്ന,കാട്ടുകിഴങ്ങും തേന്‍ നുണഞ്ഞും മഹാളിയോടൊപ്പം പൂവിതളുകളെപ്പോലെ മലഞ്ചെരിവുകളില്‍ പാറിക്കൊണ്ടിരിക്കേണ്ടതിനു പകരം.

3 comments:

മണിലാല്‍ said...

ഇംഗ്ലണ്ടില്‍ വലിയൊരു കമ്പനിയുടെ തലപ്പത്ത് റിസഷന്‍ കാലത്തെ അസ്വസ്ഥതയോടെയിരിക്കുകയാണ് മിന്ന,കാട്ടുകിഴങ്ങും തേന്‍ നുണഞ്ഞും മഹാളിയോടൊപ്പം പൂവിതളുകളെപ്പോലെ മലഞ്ചെരിവുകളില്‍ പാറിക്കൊണ്ടിരിക്കേണ്ടതിനു പകരം.

Muralee Mukundan , ബിലാത്തിപട്ടണം said...

പശ്ചാത്തലത്തില്‍ മഹാളിയെ ഇതേതു ജന്തു എന്ന് കണ്ണിറുക്കുകയും ചെയ്തു.മനുഷ്യകുലമല്ലെങ്കിലും അവരും സായ്പിനെ കണ്ടപ്പോള്‍ കവാത്തു മറന്നു. മക്കളേക്കാളും ബിസ്കറ്റ് കമ്പനിയേക്കാളും കാടിനെ സ്നേഹിക്കുന്ന ഫാദര്‍ ഫ്രൈ ഈ ബന്ധത്തെ അംഗീകരിക്കുമെന്നായിരുന്നു മകള്‍ ഫ്രൈ വിചാരിച്ചത്.പക്ഷെ കാര്യങ്ങള്‍ ഓവര്‍ ഫ്രൈ ആയി

Lazar D'silva said...

ഞാൻ അടിച്ച സ്പെല്ലിങ്ങ് തെറ്റിയോ എന്നറിയില്ല - ഗൂഗിളിൽ കിട്ടുന്ന ആളുകളുമായി കാലഗണന ഒത്തുവരാത്തതു പോലെ. മിന്നയും ഫ്രാൻസിസും ജീവിച്ചിരിപ്പുണ്ടെങ്കിൽ ബിലാത്തിപട്ടണത്തിനു നേരിട്ടുപോയി കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കുമായിരിക്കും.

കുറിപ്പ് ഭാവനാപ്രലോഭനീയം...


നീയുള്ളപ്പോള്‍.....